കോവളം-കാരോട്-ബൈപ്പാസ് റോഡിൽ പിടിച്ചുപറി സംഘങ്ങൾ വിലസുന്നു

Saturday 25 October 2025 1:40 AM IST

പൂവാർ: കോവളം കാരോട് ബൈപ്പാസ് ഹൈവേ റോഡിൽ പിടിച്ചുപറി സംഘങ്ങൾ വിലസുന്നതായി പരാതി. പൊഴിയൂർ, പൂവാർ, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന ബൈപ്പാസ് റോഡിലാണ് പിടിച്ചുപറിയും, അപകടങ്ങളും പെരുകുന്നത്.

പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈപ്പാസ് റോഡിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടു വിദ്യാർത്ഥികളെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തി 15,000 രൂപയും വില കൂടിയ വാച്ചും പിടിച്ചുപറിച്ച സംഭവം ഇക്കഴിഞ്ഞ 14നായിരുന്നു. സംഭവത്തിൽ ബിബിൻ,സുജൻ എന്നീ രണ്ട് യുവാക്കളെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൈവേ കേന്ദ്രമാക്കി നിരവധി സംഘങ്ങൾ ഇത്തരത്തിൽ പണം തട്ടിയെടുക്കുന്നതായി പൊഴിയൂർ പൊലീസ് പറയുന്നു. വിഴിഞ്ഞം തുറമുഖത്ത് കരികല്ലുമായി വന്നുപോകുന്ന ലോറികൾ തടഞ്ഞ് മോട്ടോർ വെഹിക്കിൾ ഉദ്യേഗസ്ഥരുടെ നേതൃത്വത്തിൽ അനധികൃത പണപ്പിരിവ് നടത്തിയത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. സംഭവത്തിൽ ആർ.ടി.ഒ ഓഫീസിലെ മുൻ താൽക്കാലിക ഡ്രൈവർ രതീഷിനെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കേസിൽ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഒന്നാംപ്രതി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ കാവൽകിണർ സ്വദേശി സെന്തിൽകുമാറിന്റെ പരാതിയിന്മേലാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ടിപ്പർ ലോറി തടഞ്ഞ് ടയർ മുഴുവനും റോഡിൽ പതിയുന്നില്ലെന്ന് കണ്ടെത്തി ഒരു ലക്ഷംരൂപ ഫൈൻ ആവശ്യപ്പെട്ടു. എന്നാൽ 20000രൂപ തന്നാൽ ഫൈൻ ഒഴിവാക്കാമെന്നുപറഞ്ഞ് ലോറിയുടെ താക്കോൽ പിടിച്ചുവാങ്ങി. ഡ്രൈവർ കൈയിലുണ്ടായിരുന്ന 10000 രൂപ ഉദ്യേഗസ്ഥന് കൈമാറി. ബാക്കി തുക വാഹന ഉടമയെ വിളിച്ച് ഒപ്പമുണ്ടായിരുന്ന രതീഷിന്റെ അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. ഉടമ ഫോണിലേക്ക് 5000രൂപ അയച്ച് കൊടുത്തെങ്കിലും താക്കോൽ കൊടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. തുടർന്ന് ഡ്രൈവർ 2000രൂപ ഫോണിൽ അയച്ചുകൊടുത്ത ശേഷമാണ് താക്കോൽ മടക്കി നൽകിയത്. ഡ്രൈവറുടെ പരാതിയിൽ രതീഷിന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അന്നേദിവസം 37,000 രൂപ ലഭിച്ചിട്ടുള്ളത് ബാങ്ക് രേഖകളിലൂടെ സ്ഥിരീകരിച്ചു. കൂടാതെ മറ്റ് ലോറി ഉടമകളോടും പണമടയ്ക്കാൻ ആവശ്യപ്പെട്ടതായും, ഇത്തരത്തിൽ നിരവധി പേർ പണം കൂടുതൽ കൊടുത്തിട്ടുള്ളതായും തെളിഞ്ഞിണ്ടെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.

പൂവാർ സ്റ്റേഷൻ പരിധിയിൽ അന്നേദിവസം സമാനസംഭവവും ഉണ്ടായി. തമിഴ്നാട്ടിലെ വള്ളിയൂരിൽ നിന്നും പാറ കയറ്റി വന്ന ടിപ്പർ ലോറിയെ പുറുത്തിവിളയ്ക്ക് സമീപത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ തടഞ്ഞുനിറുത്തി രേഖകൾ പരിശോധിച്ച് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. തുക കൈവശമില്ലെന്ന് പറഞ്ഞെങ്കിലും 30000 രൂപ തന്നാൽ വാഹനം വിട്ടയക്കാമെന്ന് പറഞ്ഞു. ഡ്രൈവർ കൈവശമുണ്ടായിരുന്ന 10000രൂപ കൊടുത്തു. ബാക്കി തുക ഗൂഗിൾപേ വഴി അയച്ച് കൊടുത്തെന്നും പൂവാർ പൊലീസ് പറഞ്ഞു.

കോവളം കാരോട് ബൈപ്പാസ് റോഡിൽ പിടിച്ചുപറിയും, റോഡ് അപകടങ്ങളും നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ വേണം.

കരുംകുളം രാധാകൃഷ്ണൻ,

മുൻ വൈസ് പ്രസിഡന്റ്,

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്.