ക്യാബിൻക്രൂവിനെ ആക്രമിച്ച യാത്രക്കാരൻ പിടിയിൽ
ശംഖുംമുഖം: വനിതാ ക്യാബിൻക്രൂവിനെ ആക്രമിച്ച യാത്രക്കാരൻ പിടിയിൽ.കൊല്ലം സ്വദേശി റഷീദാണ് പിടിയിലായത്.ഇന്നലെ രാവിലെ ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ ക്യാബിൻക്രൂവിനെയാണ് ഇയാൾ ആക്രമിച്ചത്.മദ്യലഹരിയിലായിരുന്ന ഇയാൾ വിമാനത്തിൽ മറ്റുയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതോടെ ക്യാബിൻക്രൂ ഇയാളോട് മറ്റൊരു സീറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ ക്യാബിൻക്രൂവിനെ ചീത്ത വിളിച്ച് ഉപദ്രവിക്കുകയായിരുന്നു.
പൈലറ്റ് എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് സന്ദേശം കൈമാറിയതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തി.സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി എമിഗ്രേഷൻ പരിശേധനകൾക്ക് ശേഷം വലിയതുറ പൊലീസിന് കൈമാറി.ക്യാബിൻക്രൂവിന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.