നാടൻ നായ്‌ക്കളെ തേടി ബി.എസ്.എഫ്
ന്യൂഡൽഹി: അതിർത്തി സുരക്ഷയ്‌ക്ക് ശൗര്യവും മികച്ച പ്രതിരോധശേഷിയുമുള്ള നാടൻ നായ്ക്കളെ തേടുകയാണ് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്). ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഓർഗനൈസേഷൻ മുഖേന എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് വകുപ്പിന് കത്തയച്ചു. മികച്ച പ്രാദേശിക ഇനങ്ങളെ കണ്ടെത്താനാണ് ശ്രമം. പരിശീലനം നൽകി അതിർത്തിയിൽ അടക്കം ഉപയോഗിക്കും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും, മാവോയിസ്റ്റുകൾക്ക് എതിരായ നീക്കങ്ങളിലും പ്രയോജനപ്പെടുത്തും. അതിർത്തി വഴിയുള്ള ലഹരിക്കടത്ത് തകർക്കാനും കഴിയുമെന്ന് ബി.എസ്.എഫ് പറയുന്നു.
ഹിമാചലിലെ നായകൾ ഡ്യൂട്ടിയിൽ
ഹിമാചൽ പ്രദേശിലെ റാംപൂർ ഹൗണ്ട്, മുധോൽ ഹൗണ്ട് എന്നീ ഇനങ്ങളിലുള്ളവ ഇപ്പോൾ സേനയുടെ ഭാഗമാണെന്ന് ബി.എസ്.എഫ് ഡയറക്‌ടർ ജനറൽ ദൽജീത് സിംഗ് ചൗധരി പറഞ്ഞു. ഇന്ത്യ - പാകിസ്ഥാൻ, ഇന്ത്യ - ബംഗ്ലാദേശ് അതിർത്തികളിൽ നിയോഗിച്ചു കഴിഞ്ഞു. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150ാം ജന്മവാർഷികമായ ഒക്ടോബർ 31ന് ഗുജറാത്ത് ഏക്താ നഗറിൽ നടക്കുന്ന ദേശീയ ഐക്യ ദിന പരേഡിൽ പങ്കെടുക്കും. മുധോൽ ഹൗണ്ട് ഇനത്തിലെ 'റിയ' പരേഡിൽ ഡോഗ് സ്‌ക്വാഡിനെ നയിക്കും. ഓൾ ഇന്ത്യ പൊലീസ് ഡോഗ് കോംപറ്റീഷനിൽ റിയ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ വർഷത്തെ ദേശീയ ഐക്യദിന പരേഡിൽ കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും കേന്ദ്രസേനകളും അടക്കം പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഗാർഡ് ഓഫ് ഓണർ നയിക്കുന്നത് ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയായിരിക്കും.