വരൂ... സുവോളജിക്കൽ പാർക്കിലേക്ക്... കാണാം കാഴ്ച്ചകളുടെ മനോഹാരിത

Saturday 25 October 2025 12:41 AM IST

തൃശൂർ: കാത്തിരിപ്പിനുശേഷം പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ പൂത്തൂരിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടങ്ങും. ഡിസംബർ വരെ പരിക്ഷണാടിസ്ഥാനത്തിൽ 200 മുതൽ 1000 പേരെ വരെ നിയന്ത്രണം ഏർപ്പെടുത്തിയാണ് പ്രവേശിപ്പിക്കുക. 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ രൂപീകരിച്ച കിഫ്ബി സംവിധാനത്തിലൂടെയാണ് സുവോളജിക്കൽ പാർക്ക് നിർമ്മാണത്തിന് രൂപരേഖയും പ്രതീക്ഷയുമായത്.

ചെലവഴിച്ചത് 331 കോടി

കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനുപുറമെ 17 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 338 ഏക്കറിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ഒന്നായി മാറാൻ കഴിയുംവിധത്തിലാണ് സുവോളജിക്കൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

44 ഇനം ജീവികൾ

സുവോളജിക്കൽ പാർക്കിൽ 22 ഇനങ്ങളിൽപ്പെട്ട 439 ജീവികളാണുള്ളത്. ഭൂരിഭാഗവും തൃശൂർ മൃഗശാലയിൽ നിന്ന് കൊണ്ടുവന്നവയാണ്. വരും മാസങ്ങളിൽ വിദേശത്ത് നിന്നുള്ളവയെ എത്തിക്കും.

പ്രധാന ആകർഷണങ്ങൾ

പുലി ചീങ്കണി കാട്ടുപോത്ത് കുറുനരികൾ കുരങ്ങുകൾ വർണപ്പക്ഷികൾ പെലിക്കൺ മൂങ്ങ വർഗം പരുന്തുകൾ

കൊണ്ടു വരാനുള്ളത്

ഹിപ്പോപൊട്ടാമസ്

വിവിധ തരം തത്തകൾ മാനുകൾ റിയ പക്ഷി

ഉത്സവച്ഛായയിൽ ഉദ്ഘാടനം

ഉദ്ഘാടനത്തിന്റെ ഭാഗമായ സാംസ്‌കാരികോത്സവം ഇന്ന് ആരംഭിക്കും. ഇതിനു മുന്നോടിയായി പുത്തൂർ ഫൊറോന പള്ളി പരിസരത്ത് നിന്ന് വൈകിട്ട് മൂന്നിന് പാർക്കിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടർന്ന് സാംസ്‌കാരികോത്സവം മന്ത്രി കെ.രാജന്റ അദ്ധ്യക്ഷതയിൽ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനാകും. പതിനായിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്ര രണ്ടിടങ്ങളിൽ നിന്ന് ആരംഭിക്കും. 25000 പേരെയാണ് ഉദ്ഘാടനച്ചടങ്ങിന് പ്രതീക്ഷിക്കുന്നതെന്ന് പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ.ജെ.വർഗീസ്, സ്വാഗതസംഘം കോർഡിനേറ്റർ കെ.വി.സജു, പാർക്ക് ഡയറക്ടർ ബി.എൻ.നാഗരാജ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അടലരസൻ, നജ്മൽ അൻവർ, മിനി ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർക്കിലെ സൗകര്യങ്ങൾ

പർക്കിംഗ്, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സർവീസ് റോഡുകൾ, ട്രംറോഡുകൾ, സന്ദർശക ഗ്യാലറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ, ക്വാർട്ടേഴ്‌സ്, വെറ്ററിനറി ആശുപത്രി, കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസുകൾ.

  • പൊതുജനങ്ങൾക്ക് പ്രവേശനം ജനുവരി മുതൽ
  • പ്രതിവർഷം പ്രതീക്ഷിക്കുന്നത് 30 ലക്ഷം

പാർക്കിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. തൃശൂരിന്റെ ചരിത്രത്തിലെ വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യെറെടുപ്പിലാണ് ജനം. -മന്ത്രി കെ.രാജൻ