ബൈക്കുമായി ഇടിച്ചു, ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു, ബസ് കത്തിയമർന്നു: 20 പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ യാത്രയ്ക്കിടെ സ്വകാര്യ ബസ് കത്തിയമർന്ന് 20 പേർ മരിച്ചത് രാജ്യത്തെ നടുക്കി. കുർണൂലിൽ ഹൈദരാബാദ്- ബംഗളൂരു ദേശീയപാതയിലാണ് ദുരന്തമുണ്ടായത്. 41 പേരാണുണ്ടായിരുന്നത്. ഡ്രൈവർമാരായ മിരിയാല ലക്ഷ്മയ്യ, ഗുഡിപതി ശിവ നാരായണ എന്നിവരെ കസ്റ്റഡിയിലെടുത്തു.
ബാക്കിയുള്ളവർ ചികിത്സയിലാണ്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും തെലങ്കാന സർക്കാർ അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു.
ഇന്നലെ പുലർച്ചെ മൂന്നരയോടെ കുർണൂലിന് 20 കിലോ മീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപമായിരുന്നു അപകടം. ബസ് ഒരു ബൈക്കിൽ ഇടിച്ചു. ബൈക്ക് ബസിനടിയിൽ കുടുങ്ങി മുന്നോട്ടുനീങ്ങി. ഇതിനിടെ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീ പടരുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ബസ് ആളിക്കത്തി. യാത്രക്കാർ ഉറക്കത്തിലായിരുന്നു. ഞെട്ടിയുണർന്ന ചിലർ ജനാലകൾ തകർത്ത് രക്ഷപ്പെട്ടു.
എ.സി ബസായതിനാലും വാതിൽ ലോക്കായതിനാലും പുറത്തുകടക്കാനാകാതെ പലരും വെന്തുമരിച്ചു.
ബൈക്ക് യാത്രികനും മരിച്ചു. പലരും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ടാങ്കിലുണ്ടായ ചോർച്ചയാകാം തീപിടിത്തത്തിനുകാരണമായതെന്നും അന്വേഷണം നടക്കുകയാണെന്നും കർണൂൽ കളക്ടർ എ.സിരി പറഞ്ഞു. ഹൈദരാബാദ് സ്വദേശികളാണ് മരിച്ചവരിലേറെയും.
ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
2013ൽ ഒക്ടോബർ 30നും സമാന അപകടമുണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ച് 45 പേർ മരിച്ചു.
ഉറക്കത്തിനിടെ ദുരന്തം
' ഞെട്ടി ഉണർന്നപ്പോൾ തീ പടരുന്നതാണ് കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ പടർന്നുപിടിച്ചു. ഒരു യാത്രക്കാരി പിൻവാതിൽ തകർത്തു. ഞങ്ങൾ അതിൽ നിന്ന് ചാടിയിറങ്ങി. -നെല്ലൂർ സ്വദേശിയായ എസ്. ഹരിക പറയുന്നു. നെറ്റിയിൽ പരിക്കേറ്റ ഹരിക ചികിത്സയിലാണ്. എല്ലാവരും ഉറക്കത്തിലായിരുന്നെന്ന് രക്ഷപ്പെട്ടവർ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയുക പോലും ചെയ്യാതെയാണ് അവർ മരിച്ചത്.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ സുരക്ഷിതരാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വയറുകൾ മുറിഞ്ഞതോടെ ബസിന്റെ വാതിൽ പെട്ടെന്ന് തുറക്കാനാകാതെ വന്നതും ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.
മഴ തടസം തീയാളി കത്തിയതുകൊണ്ട് പെട്ടെന്നുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കനത്ത മഴ പെയ്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.