തത്കാലം റോഡ് ഷോയില്ല പറന്നിറങ്ങാൻ ദളപതി
ചെന്നൈ: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന പര്യടനം പുനരാരംഭിക്കാൻ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്. പക്ഷേ, റോഡ് ഷോ ഉണ്ടാകില്ല. യാത്ര ഹെലികോപ്റ്ററിലാക്കാനാണത്രേ പ്ലാൻ. ബംഗളൂരുവിലെ ഒരു കമ്പനിയിൽ നിന്ന് നാലു ഹെലികോപ്റ്ററുകൾ വാങ്ങാൻ ധാരണയായി. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വിജയ് റോഡ് ഷോ ഒഴിവാക്കുന്നത്. ജയലളിതയും മുമ്പ് ഹെലികോപ്റ്ററിലെത്തി തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിച്ചിരുന്നു.
വിക്രവാണ്ടിയിലും മധുരയിലും ചെയ്തതുപോലെ ഒരു ലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ പട്ടയ ഭൂമി നഗരത്തിന് പുറത്ത് പാട്ടത്തിന് എടുത്ത ശേഷം വേദിയൊരുക്കും. ജനം എത്തി കഴിഞ്ഞ ശേഷം പരിപാടി തുടങ്ങാറാകുമ്പോൾ വിജയ് ഹെലികോപ്റ്ററിൽ എത്തും. ജനത്തിരക്കും അപകടവും ഒഴിവാക്കാമെന്നു മാത്രമല്ല, ഇപ്പോഴത്തെ സാഹചര്യത്തിൽ വിജയുടെ സുരക്ഷയ്ക്കും അത് സഹായിക്കും.
ജയലളിതയുടെ ഹെലികോപ്റ്റർ യാത്ര അന്ന തന്നെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ചടങ്ങുകളാണ് ജയലളിത നടത്തുന്നുവെന്നായിരുന്നു ആരോപണം. ഇതേ ആരോപണം വിജയ്‌ക്കെതിരേയും ഉയർന്നു വരാം. അതുകൊണ്ടു തന്നെ തുടർ പരിപാടികളിൽ എങ്ങനെ ജനകീയമാക്കാമെന്നു കൂടി ടി.വി.കെ നേതാക്കൾ ആലോചിക്കുന്നുണ്ട്.
എന്തായാലും കാലവസ്ഥ അനുകൂലമാകുമ്പോൾ വിജയ് പ്രചാരണ പരിപാടികൾ പുനരാംഭിക്കും. ഇപ്പോൾ തമിഴ്നാട്ടിൽ മിക്ക ജില്ലകളിലും കനത്ത മഴയാണ്.
സെപ്തംബർ 27ന് വിജയ്‌യുടെ റോഡ് ഷോക്കിടെ കരൂരിലെ വേലുച്ചാമിപുരത്തുണ്ടായ അപകടത്തിൽ 41 പേർ മരിക്കുകയും 50ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 10കുട്ടികളും 15ലധികം സ്ത്രീകളുമായിരുന്നു. വിജയ് കരൂരിൽ എത്താൻ 7 മണിക്കൂർ വൈകിയതാണ് ദുരന്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പ്രസ്താവിച്ചിരുന്നു. ദുരന്തത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.