ബീഹാറിൽ മോദിയുടെ തിരഞ്ഞെടുപ്പ് റാലി, നിതീഷിന്റെ നേതൃത്വത്തിൽ എൻ.ഡി.എ റെക്കാഡ് വിജയം നേടും
ന്യൂഡൽഹി: ബീഹാറിൽ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ മുൻ റെക്കാഡുകൾ ഭേദിച്ച് വൻ വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സമസ്‌തിപൂരിൽ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന്റെ ഗ്രാമത്തിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോഴാണ് നിതീഷ് നയിക്കുമെന്ന് മോദി ആവർത്തിച്ചത്. എൻ.ഡി.എ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമോയെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് വെല്ലുവിളിച്ചിരുന്നു.
'നിതീഷ് കുമാർ സർക്കാരിന് കോൺഗ്രസും ആർ.ജെ.ഡിയും തടസങ്ങൾ സൃഷ്ടിച്ചപ്പോൾ 11 വർഷം എൻ.ഡി.എ സർക്കാർ മൂന്നിരട്ടി ഫണ്ട് ബീഹാറിന് നൽകി. ഇപ്പോൾ സംസ്ഥാനം സ്വന്തം കാലിൽ നിൽക്കുന്നു. മത്സ്യം കയറ്റുമതി ചെയ്യുന്നു. ബീഹാറിന്റെ തനത് ഉത്പന്നമായ മഖാനയ്ക്ക് വിദൂര വിപണി ലഭിക്കുന്നു. ബീഹാർ ആകർഷകമായ നിക്ഷേപ കേന്ദ്രമായി. എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയാൽ ബീഹാർ അതിവേഗം വളരും"- അദ്ദേഹം പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പ് പരാജയങ്ങൾ ആവർത്തിച്ചിട്ടും ആർ.ജെ.ഡിക്ക് അഹങ്കാരത്തിന് കുറവില്ല. ജെ.എം.എമ്മിനെ സഖ്യത്തിൽ നിന്ന് പുറത്താക്കി. വി.ഐ.പിയെ തെറ്റിദ്ധരിപ്പിച്ചു. 35 വർഷമായി ബീഹാറിൽ ആർ.ജെ.ഡിയുടെ പിന്നാലെയാണ് കോൺഗ്രസ്.
ഇരുവരും സീറ്റ് വിറ്റ് അഴിമതി നടത്താൻ വഴിയൊരുക്കുന്നു. ആർ.ജെ.ഡി നേതാക്കളുടേത് ബീഹാറിലെ ഏറ്റവും അഴിമതിക്കാരായ കുടുംബമാണ്. മിക്ക അംഗങ്ങളും ജാമ്യത്തിലിറങ്ങിയവർ. രാജ്യത്തെ ഏറ്റവും അഴിമതിക്കാരുള്ള കോൺഗ്രസ് കുടുംബത്തിലെ നേതാക്കളും ജാമ്യത്തിലാണ്. ബീഹാർ അത്തരം ആളുകളെ വിശ്വസിക്കുന്നില്ലെന്നും ബെഗുസാരായിലെ റാലിയിൽ അദ്ദേഹം പറഞ്ഞു.
വെളിച്ചമുള്ളപ്പോൾ, ഇവിടെ
റാന്തൽ വിളക്കുവേണ്ട
ജനക്കൂട്ടത്തോട് മൊബൈൽ ഫോൺ ലൈറ്റ് ഓണാക്കാൻ ആവശ്യപ്പെട്ട മോദി 'ചുറ്റും ഇത്രയധികം വെളിച്ചമുള്ളപ്പോൾ, ഇവിടെ റാന്തൽ വിളക്കിന്റെ ആവശ്യമില്ലെന്ന്' പരിഹസിച്ചു. ആർ.ജെ.ഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നമാണ് റാന്തൽ.ആർ.ജെ.ഡി ഭരണത്തിൽ ബീഹാറിൽ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോക്കും വ്യവസായമായി വളർന്നു. ആർ.ജെ.ഡിയെയും കോൺഗ്രസിനെയും കുറിച്ച് കേട്ടാൽ നിക്ഷേപകർ ഓടിപ്പോകും. ജോലി വാഗ്ദാനം ചെയ്ത് ദരിദ്രരുടെ ജോലി തട്ടിയെടുത്തവർ ഒരിക്കലും യുവാക്കൾക്ക് ജോലി നൽകില്ലെന്ന് ആർ.ജെ.ഡി നേതാക്കൾക്കെതിരായ തൊഴിൽ തട്ടിപ്പ് കേസ് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കാട്ടു ഭരണത്തിൽ നേതാക്കൾ മക്കളെ സംരക്ഷിച്ച് യുവാക്കളുടെ ഭാവി നശിപ്പിച്ചു.ജാമ്യത്തിൽ ഇറങ്ങിയ അഴിമതിക്കാരായ ആർ.ജെ.ഡി, കോൺഗ്രസ് നേതാക്കൾ ഭാരത രത്‌ന കർപൂരി താക്കൂറിന്റെ ‘ജനനായക’ പദവി മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.