ട്രംപ്-ഷീ ചർച്ച 30ന്
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം 30ന് ദക്ഷിണ കൊറിയയിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ജിയോംഗ്‌ജു സിറ്റിയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയ്ക്കിടെയാണ് (അപെക്) കൂടിക്കാഴ്ച. യു.എസ്-ചൈന തീരുവ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇരുനേതാക്കളും മുഖാമുഖമെത്തുന്നത് നിർണായകമാകും. ചൈനയിൽ നിന്ന് യു.എസിലേക്കുള്ള ഫെന്റാനിൽ ലഹരിക്കടത്ത് ഷീയുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേ സമയം, ട്രംപിന്റെ അഞ്ച് ദിവസത്തെ ഏഷ്യൻ പര്യടനത്തിന് നാളെ തുടക്കമാകും. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ നാളെ അദ്ദേഹം മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ എത്തും. തിങ്കളാഴ്ച ജപ്പാനിലെ ടോക്കിയോയിലേക്ക് തിരിക്കുന്ന അദ്ദേഹം പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി സനേ തകൈചിയുമായി ചർച്ച നടത്തും. 29ന് അപെക് ഉച്ചകോടിയിൽ പങ്കെടുക്കാനായി ട്രംപ് ദക്ഷിണ കൊറിയയിലെത്തും.