കുനാർ നദിയിൽ ഡാം: പാകിസ്ഥാന്റെ 'വെള്ളംകുടി മുട്ടിക്കാൻ' അഫ്ഗാൻ
കാബൂൾ: അതിർത്തിയിലെ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ പാകിസ്ഥാന്റെ 'വെള്ളംകുടി മുട്ടിക്കാനുള്ള " തന്ത്രപരമായ നീക്കങ്ങളുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. കുനാർ നദിയിൽ ഡാം നിർമ്മിക്കാനുള്ള ആലോചനയിലാണ് താലിബാൻ. സ്വന്തം ജലലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണ് നടപടി.
ഡാം അടിയന്തരമായി നിർമ്മിക്കാൻ താലിബാൻ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദ ഉത്തരവിട്ടു. പാകിസ്ഥാനിലൂടെയും കുനാർ നദി ഒഴുകുന്നുണ്ട്. ഡാം നിർമ്മിക്കുന്നതോടെ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടസപ്പെടും.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയത് പാകിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു. കുനാറിൽ അഫ്ഗാന്റെ ഡാം ഉയരുന്നത് പാകിസ്ഥാന് ഇരട്ടി പ്രഹരമാകും. അഫ്ഗാനുമായി ഔദ്യോഗികമായി ജല പങ്കിടൽ കരാറുകളില്ലാത്തതും പാകിസ്ഥാന് പ്രതികൂലമാണ്.
# അഫ്ഗാന്റെ ലക്ഷ്യം
1. സ്വന്തം ജലസ്രോതസുകൾക്ക് മേൽ പരമാധികാരം സ്ഥാപിക്കുക
2. ജലലഭ്യത ഉറപ്പാക്കി കൃഷി മെച്ചപ്പെടുത്തുക. വരൾച്ച ലഘൂകരിക്കുക
3. ജലവൈദ്യുത പദ്ധതികൾ വഴി ഊർജ്ജ ക്ഷാമം പരിഹരിക്കുക
# പാകിസ്ഥാനിൽ ക്ഷാമം വഷളാകും
1. കുനാറിൽ ഡാം വരുന്നത് പാകിസ്ഥാനിലെ ഖൈബർ പക്തൂഖ്വ പ്രവിശ്യയ്ക്ക് തിരിച്ചടി. ഇവിടുത്തെ പ്രധാന ജല സ്രോതസ്സാണ് കുനാർ
2. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ ജലസേചന, കുടിവെള്ള വിതരണത്തെ ബാധിക്കും
3. ജല ലഭ്യത കുറഞ്ഞാൽ കൃഷിയേയും ജലവൈദ്യുത പദ്ധതികളെയും ബാധിക്കും. നിലവിലെ ഭക്ഷ്യ, ഊർജ്ജ ക്ഷാമം കൂടുതൽ വഷളാകും
കുനാർ നദി
ചിത്രാൽ എന്നും അറിയപ്പെടുന്നു. വടക്കൻ പാകിസ്ഥാനിലൂടെയും കിഴക്കൻ അഫ്ഗാനിലൂടെയും ഒഴുകുന്നു. 480 കിലോമീറ്റർ നീളം. പാകിസ്ഥാനിലെ ചിത്രാൽ മേഖലയ്ക്ക് സമീപമുള്ള ചിയാന്തർ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നു. അഫ്ഗാനിലെത്തുന്ന കുനാർ നദി നംഗഹാർ പ്രവിശ്യയിൽ വച്ച് കാബൂൾ നദിയുമായി ചേരുന്നു.