'ദിസ് മിഷൻ ഈസ് ഇംപോസിബിൾ " !  ലുവ്രിനെ ട്രോളി ഫെവികോൾ

Saturday 25 October 2025 7:31 AM IST

മുംബയ്: ചില്ല് കൂട്ടിനുള്ളിലെ വെളുത്ത ബോർഡിൽ പതിപ്പിച്ചിരിക്കുന്ന അതിമനോഹരമായ മരതക നെക്‌ല‌സും കമ്മലുകളും. പ്രതലത്തിന് താഴെ ഫെവികോളിന്റെ ലോഗോ തലയെടുപ്പോടെ. ഒപ്പം 'ദിസ് മിഷൻ ഈസ് ഇംപോസിബിൾ' എന്ന അടിക്കുറിപ്പും... പശ ബ്രാൻഡായ ഫെവികോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണിത്.

പാരീസിലെ വിശ്വപ്രസിദ്ധമായ ലുവ്ര് മ്യൂസിയത്തിലുണ്ടായ കവർച്ചയെ രസകരമായി ട്രോളിയിരിക്കുകയാണ് ഫെവികോൾ. ഫെവികോൾ കൊണ്ട് ഒട്ടിച്ചുവച്ചാൽ നെക്‌ലസ് എത്ര വലിയ മോഷ്ടാവിനും ഇളക്കിമാറ്റാനാകില്ലെന്ന സന്ദേശമാണ് വൈറൽ പരസ്യത്തിലൂടെ ഫെവികോൾ നൽകുന്നത്.

കഴിഞ്ഞ ഞായറാഴ്ച ലുവ്രിൽ നിന്ന് പട്ടാപ്പകൽ 8.8 കോടി യൂറോയുടെ (8,94,88,96,000 രൂപ) എട്ട് രാജകീയ ആഭരണങ്ങളുമായി കടന്ന നാല് മോഷ്ടാക്കളെ പിടികൂടാനാകാതെ ഫ്രഞ്ച് പൊലീസ് വട്ടംചുറ്റുന്നതിനിടെയാണ് ഫെവികോളിന്റെ ആശയം വൈറലായിരിക്കുന്നത്. സാഹചര്യത്തെ പരസ്യത്തിനുള്ള മികച്ച ആശയമാക്കി മാറ്റിയ ഫെവികോൾ ടീമിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.

 പിക്കാസോ പെയിന്റിംഗ് കണ്ടെത്തി

ഒക്ടോബർ 6ന് കാണാതായ പാബ്ലോ പിക്കാസോയുടെ 6,​00,000 യൂറോ (6,12,47,400 രൂപ)​ മൂല്യമുള്ള പെയിന്റിംഗ് കണ്ടെത്തി സ്പാനിഷ് പൊലീസ്. മാഡ്രിഡിലെ സ്വകാര്യ മ്യൂസിയത്തിൽ നിന്ന് തെക്കൻ സ്പെയിനിലെ ഗ്രനാഡയിലെ ഒരു പ്രദർശനത്തിനായി ട്രക്കിൽ കൊണ്ടുപോകവെയാണ് പിക്കാസോ 1919ൽ വരച്ച 'സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ" എന്ന ചിത്രം കാണാതായത്. പെയന്റിംഗ് എവിടെ നിന്ന് ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പെയിന്റിംഗ് ശരിക്കും ട്രക്കിൽ കയറ്റിയിരുന്നില്ലെന്നാണ് കരുതുന്നത്.