പരസ്യം രസിച്ചില്ല, കാനഡയുമായി ഇടഞ്ഞ് ട്രംപ്

Saturday 25 October 2025 7:32 AM IST

ഒട്ടാവ: കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ തീരുവകളെ വിമർശിക്കുന്നതിന്റെ ശബ്ദശകലം ഉൾക്കൊള്ളിച്ചുള്ള കനേഡിയൻ പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്.

കാനഡയിലെ ഒന്റേറിയോ പ്രവിശ്യാ ഭരണകൂടമാണ് 1987ലെ റീഗന്റെ റേഡിയോ അഭിസംബോധന അടങ്ങുന്ന വിവാദ രാഷ്ട്രീയ പരസ്യം പുറത്തിറക്കിയത്. പരസ്യം തട്ടിപ്പാണെന്ന് ട്രംപ് വാദിക്കുന്നു. തീരുവ സംബന്ധിച്ച കേസുകൾ പരിഗണിക്കാനിരിക്കുന്ന​ യു.എസ് സുപ്രീം കോടതിയെ സ്വാധീനിക്കാനാണ് കാനഡയുടെ ശ്രമമെന്നും ട്രംപ് കുറ്റപ്പെടുത്തി.

അനുവാദമില്ലാതെ റീഗന്റെ അഭിസംബോധനയിലെ ചില പ്രത്യേക ഓഡിയോ, വീഡിയോ ഭാഗങ്ങളെടുത്ത് തെറ്റായി ചിത്രീകരിച്ചെന്ന് റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷനും വിമർശിച്ചു. തീരുവകൾ വ്യാപാര യുദ്ധത്തിനും സാമ്പത്തിക തകർച്ചയ്ക്കും തൊഴിലില്ലായ്മയ്ക്കും ഇടയാക്കുമെന്ന് റീഗൻ പറയുന്നതാണ് പരസ്യത്തിലുള്ളത്.