ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി; മുൻ ബിഗ്‌ ബോസ് താരവും നടിയുമായ ദിവ്യ സുരേഷിനെതിരെ കേസ്

Saturday 25 October 2025 8:34 AM IST

ബംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്നുപേരെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ ദിവ്യ സുരേഷിന്റേതാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഈ മാസം നാലിന് പുലര്‍ച്ചെയായിരുന്നു സംഭവം. ബൈതാരയണപുരിയിലെ നിത്യ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പാഞ്ഞുപോവുകയായിരുന്നു.

അപകടത്തിൽ മൂന്നുപേർക്കും പരിക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വാഹനം നടി ദിവ്യയുടേതാണെന്ന് തിരിച്ചറിഞ്ഞു. അപകടസമയത്ത് വാഹനം ഓടിച്ചത് ദിവ്യ ആണെന്നു വ്യക്തമായി. കാര്‍ പിടിച്ചെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി പറഞ്ഞു.