പുരുഷ സന്ദർശകനെ ലൈംഗികമായി പീഡിപ്പിച്ചു, സിംഗപ്പൂരിലെ ഇന്ത്യൻ നഴ്‌സിന് ശിക്ഷ വിധിച്ച് കോടതി
സിംഗപ്പൂർ: പുരുഷ സന്ദർശകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ നഴ്‌സിന് ഒരു വർഷവും രണ്ടുമാസവും തടവ് ശിക്ഷ. സിംഗപ്പൂരിലെ റാഫിൾസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന എലിപ്പെ ശിവ നാഗു(34)വെന്ന ഇന്ത്യൻ നഴ്‌സിനെയാണ് വെള്ളിയാഴ്ച സിംഗപ്പൂർ കോടതി ശിക്ഷിച്ചത്. ശാരീരിക ശിക്ഷയുടെ ഭാഗമായി ചൂരല് കൊണ്ട് രണ്ട് അടിയും പ്രതിക്ക് നൽകി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശനെ കാണാനെത്തിയ ആളെ അണുവിമുക്തമാക്കാനെന്ന വ്യാജേനയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. നോർത്ത് ബ്രിഡ്ജ് റോഡിലുള്ള ആശുപത്രിയിൽ ജൂൺ 18നാണ് സംഭവം. മുത്തശ്ശനെ കാണാനെത്തിയയാൾ ശുചിമുറിയിൽ കയറിയപ്പോൾ പ്രതിയും പിന്നാലെ കയറി. തുടർന്ന് അണുവിമുക്തമാക്കാനെന്ന പേരിൽ കൈയ്യിൽ സോപ്പ് പതപ്പിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
യുവാവ് കൊടുത്ത പരാതിയിൽ പൊലീസ് കേസെടുക്കുകയും നഴ്‌സിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആശുപത്രി അധികൃതർ ഇയാളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം മറ്റൊരു കേസിൽ, ചാംഗി സിറ്റി പൊയിന്റ് മാളിലെ നഴ്‌സിംഗ് റൂമിൽ ഒരു സ്ത്രീയെ പീഡിപ്പിച്ചതിന് മറ്റൊരു ഇന്ത്യക്കാരനും സിംഗപ്പൂർ സ്ഥിര താമസക്കാരനുമായ 46കാരനായ അങ്കിത് ശർമ്മയെ നാല് വർഷം തടവിന് ശിക്ഷിച്ചിരുന്നു.