സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യുന്നതുകാെണ്ട് കുഴപ്പമുണ്ടോ?

Saturday 25 October 2025 11:49 AM IST

സമൂഹത്തിൽ സ്ത്രീയ്ക്കും പുരുഷനും ഇന്ന് തുല്യ അവകാശമാണ്. എന്നാൽ ആചാരങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല. ചില ആചാരങ്ങൾ പുരുഷന് ചെയ്യാമെങ്കിലും സ്ത്രീകൾക്ക് ആയിക്കൂട. അതുപോലെ തിരിച്ചും. അക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.

ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണം നടത്താൻ സ്ത്രീകൾക്ക് വിലക്കുണ്ട്. സ്ത്രീകൾക്ക് പദപ്രദക്ഷിണമാണ് പറഞ്ഞിട്ടുള്ളത്. ചുവടുകൾ അടുത്തടുത്തുവച്ച് ഈശ്വരനെ മനസിൽ ധ്യാനിച്ച് നടന്നുകൊണ്ടുള്ള പ്രദക്ഷിണമാണ് ഇത്. കല്ലും മണ്ണും ചെളിയും നിറഞ്ഞ വഴികളിലൂടെയുള്ള ശയനപ്രദക്ഷിണം ശരീരത്തിന്റെ പ്രത്യേകതകൾ കൊണ്ട് സ്ത്രീകൾക്ക് ചെയ്യുക പ്രയാസമാണ്. അതിനാലാണ് പഴമക്കാർ വിലക്കിയത്.

പദപ്രദക്ഷിണം സ്ത്രീകൾക്ക് ഏറെ ഐശ്വര്യത്തെ നൽകുന്നതാണ്. ക്ഷേത്രങ്ങളിൽ പ്രദക്ഷിണം നടത്തിയാൽ കഴിഞ്ഞ ജന്മത്ത് ചെയ്ത പാപങ്ങൾ പോലും ഇല്ലാതാകും എന്നാണ് വിശ്വാസം. ഓരോ പ്രദക്ഷിണ പദത്തിലും മുജ്ജന്മത്തിൽ ചെയ്ത ഓരോ പാപം നശിക്കുന്നു എന്നാണ് കരുതുന്നത്. പ്രദക്ഷിണ സമയത്ത് ചൊല്ലേണ്ട മന്ത്രങ്ങൾ ക്ഷേത്രങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഘടികാര ദിശയിലാണ് പൊതുവെ പ്രദക്ഷിണം നടത്തേണ്ടത്. ഈ സമയം ബലിക്കല്ലുകളിൽ സ്പർശിക്കരുത്. അവ ദേവതയുടെ ഭൂതഗണങ്ങളാണ്. അതിനാൽത്തന്നെ അവയിൽ സ്പർശിക്കുന്നത് ദോഷത്തിന് ഇടയാക്കും.

വൃക്ഷങ്ങളുടെ രാജാവെന്ന് കണക്കാക്കുന്ന അരയാലിനുചുറ്റും പ്രദക്ഷിണം വയ്ക്കുന്നതും ഗുണംചെയ്യും. ഏഴ് പ്രദക്ഷിണമാണ് അരയാലിന് വേണ്ടത്. സന്ധ്യകഴിഞ്ഞാൽ അരയാലിനുചുറ്റും പ്രദക്ഷിണം ചെയ്യാൻ പാടില്ല. ഹിന്ദുക്കൾക്കുപുറമേ മറ്റുചില മതക്കാരും ആരാധനാലയങ്ങളിൽ പ്രദക്ഷിണം വയ്ക്കാറുണ്ട്.