വാട്‌സാപ്പും ഇ ചാറ്റും പടിക്ക് പുറത്ത്, രാജ്യത്തുള്ളവർ ഉപയോഗിക്കേണ്ടത് ഇത് മാത്രമെന്ന് റഷ്യൻ സർക്കാർ ഉത്തരവ്
തങ്ങളുടെ പൗരൻമാർക്കുമാത്രമായി പ്രത്യേക സന്ദേശവിനിമയ സംവിധാനം ഒരുക്കിയിരിക്കുകയാണ് റഷ്യ. 'മാക്സ്'(MAX) എന്ന പുതിയ ആപ്ലിക്കേഷൻ സന്ദേശങ്ങൾ കൈമാറുക എന്നതിലുപരി രാജ്യം പിന്തുണയ്ക്കുന്ന 'സൂപ്പർ ആപ്പ്' കൂടിയാണ്. എല്ലാ സൗകര്യങ്ങളും ഒരൊറ്റ ആപ്പിലൂടെ ലഭ്യമാവുകയെന്നതാണ് സൂപ്പർ ആപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീ ചാറ്റ്, വാട്‌സാപ്പ് എന്നിവയുടെ മാതൃകയിലാണ് മാക്‌സിന്റെ രൂപകൽപ്പന.
വ്യക്തിഗത ചാറ്റിംഗ്, ഡിജിറ്റൽ പണമിടപാടുകൾ, സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം മാക്‌സ് എന്ന ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ പൗരൻമാർക്ക് സാധ്യമാകും. അതായത് റഷ്യക്കാർക്ക് ഇനി വ്യത്യസ്ത ആവശ്യങ്ങൾക്കായി ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കേണ്ടതില്ലെന്ന് ചുരുക്കം. കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ മൊബൈൽ ഫോണുകളിലും മാക്‌സ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. രാജ്യത്തെ 45ദശലക്ഷത്തോളം ആളുകൾ ഈ പുതിയ ആപ്പിൽ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ഓരോ ദിവസവും 18ദശലക്ഷത്തോളം ആളുകൾ മാക്‌സ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡിജിറ്റൽ പരമാധികാരത്തിലേക്കുള്ള ഒരു വലിയ ചുവടുവെയ്പ്പാണ് മാക്‌സിലൂടെ റഷ്യ ഉന്നംവയ്ക്കുന്നത്. മാക്സിന് പിന്നിലുള്ള സർക്കാർ പിന്തുണ വളരെ വലുതാണ്. റോഡരികിലെ പരസ്യബോർഡുകളിലും സ്കൂളുകളിലും മാക്സിന്റെ സാന്നിധ്യമുണ്ട്. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സ്വന്തം പ്ലാറ്റ്‌ഫോമുകളിലൂടെ പൗരന്മാരുടെ ഡിജിറ്റൽ ഡാറ്റ നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന് ഇതുവഴി കഴിയും.