വിളിച്ചിട്ട് ഫോണെടുത്തില്ല; അഞ്ചുമാസം ഗർഭിണിയായ കാമുകി വീട്ടിലെത്തി, യുവാവ് പോക്സോ കേസിൽ അകത്തായി

Saturday 25 October 2025 2:04 PM IST

ഹരിപ്പാട്: അഞ്ചുമാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് വീട്ടിലെത്തി. ഇതോടെ യുവാവ് പോക്‌സോ കേസിൽ അകത്തുമായി. ഹരിപ്പാടിന് സമീപത്തായിരുന്നു സംഭവം.

പലവട്ടം ഫോൺവിളിച്ചിട്ടും എടുക്കാതായതോടെയാണ് പെൺകുട്ടി 23കാരനായ കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയത്. ഹരിപ്പാട് താമല്ലാക്കല്ല് സ്വദേശിയാണ് ഇയാൾ. പെൺകുട്ടി വീട്ടിലെത്തിയതോടെ യുവാവിന്റെ വീട്ടുകാർ ഭയന്നുപോയി. അവർ പൊലീസിനെ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് പീഡനവിവരം പെൺകുട്ടി അറിയിച്ചത്.

2023ലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയമായി. പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആലപ്പുഴ ടൗണിലെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ബംഗളൂരുവിൽ പഠിക്കാൻ പോയപ്പോൾ അവിടെ താമസസ്ഥലത്തെത്തിയും പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴിനൽകുകയായിരുന്നു. ഇതോടെ പോക്സോ, പട്ടികജാതി അതിക്രമം തടയൽ നിയമം എന്നിവപ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.