20 പേർ കത്തിയമർന്ന അപകടം; ബസിലിടിക്കുന്നതിന് മുൻപായി മദ്യലഹരിയിൽ യുവാവ് ബൈക്കോടിക്കുന്ന ദൃശ്യം പുറത്ത്

Saturday 25 October 2025 3:03 PM IST

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസ് കത്തിയമർന്ന് 20 യാത്രക്കാരുടെ മരണത്തിനിടയാക്കിയത് മദ്യലഹരിയിലായിരുന്ന യുവാവിന്റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് സൂചന. ദേശീയപാതയിൽ ബസിലേയ്ക്ക് ബൈക്കിടിച്ചുകയറ്റി അപകടമുണ്ടാക്കുന്നതിന് തൊട്ടുമുൻപ് ഇയാൾ മദ്യലഹരിയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പുലർച്ചെ 2:30 ഓടെ ബൈക്ക് യാത്രികനായ യുവാവ് ഒരു പെട്രോൾ പമ്പിൽ മറ്റൊരാൾക്കൊപ്പം എത്തുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാൽ പമ്പിൽ ആരും ഉണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്നയാൾ പിന്നീട് എങ്ങോട്ടേക്കോ പോയി.യുവാവും ബൈക്കിൽ നിന്നിറങ്ങി പെട്രോൾ പമ്പിന് ചുറ്റും നടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

പമ്പിൽ ആരെയും കാണാതായതോടെ ഒരു ഇയാൾ അലറിവിളിക്കുകയും ചെയ്തു. പിന്നീട് സൈഡ് സ്റ്റാൻഡിൽ ബൈക്ക് തിരിച്ചിറക്കുകയും തുടർന്ന് വാഹനമോടിച്ച് പോവുകയുമായിരുന്നു. നിയന്ത്രണമില്ലാതെ ഇയാൾ വാഹനമോടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പുലർച്ചെ 3-3:30ഓടെ ഉള്ളിന്ദാകൊണ്ടയ്ക്ക് സമീപമാണ് അപകടം നടന്നത്. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് 46 പേരുമായി പോയ ബസിന് തീപിടിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന 19 യാത്രക്കാർ ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനും മരിച്ചിരുന്നു.