രണ്ട് ഓസ്ട്രേലിയൻ വനിതാക്രിക്കറ്റ് താരങ്ങളെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ

Saturday 25 October 2025 4:27 PM IST

ഇൻഡോർ: ഐസിസി വനിതാ ലോകകപ്പിനെത്തിയ രണ്ട് വനിതാക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോർ ഖജ്റാന റോഡിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. പ്രതിയായ അഖീൽ ഖാനെ വെള്ളിയാഴ്ച പൊലീസ് പിടികൂടി. സംഭവം കണ്ടയാൾ അഖീൽ ഖാന്റെ ബൈക്ക് നമ്പർ കുറിച്ചെടുത്തിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്.

ഓസ്ട്രേലിയൻ വനിതാ താരങ്ങൾ റാഡിസൺ ബ്ലൂ ഹോട്ടലിലായിരുന്നു താമസം. രണ്ട് ക്രിക്കറ്റ് താരങ്ങൾ ഒരു കഫേ സന്ദർശിച്ച് തിരികെ ഹോട്ടലിലേക്ക് മടങ്ങുമ്പോൾ അഖീൽ ഖാൻ താരങ്ങളെ ബൈക്കിൽ പിന്തുടരുകയും താരങ്ങളിൽ ഒരാളെ അനുചിതമായി സ്പർശിക്കുകയും ചെയ്തു. താരങ്ങള്‍ ഉടന്‍ തന്നെ വിവരം ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മണ്‍സിനെ അറിയിച്ചു. അദ്ദേഹമാണ് സംഭവം പൊലീസിൽ അറിയിച്ചത്.

ബിഎൻഎസിന്റെ 74, 78 വകുപ്പുകൾ പ്രകാരം സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണം, ക്രിമിനൽ ബലപ്രയോഗം, പിന്തുടരൽ എന്നിവയ്‌ക്കെതിരെ അഖീൽ ഖാനെതിരെ കേസെടുത്തു. അതേസമയം കളിക്കാർ സുരക്ഷാ വലയത്തിന് പുറത്തേക്ക് എങ്ങനെ പോയെന്നത് പരിശോധിക്കുകയാണെന്ന് മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എംപിസിഎ) അറിയിച്ചു. ബിസിസിഐ സംഭവത്തിൽ അപലപിച്ചു.