ആശുപത്രിയിൽ മോഷണം; ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ മൃതദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി

Saturday 25 October 2025 5:03 PM IST

കൊല്ലം: മൃതദേഹത്തിൽ നിന്നെടുത്ത് സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയതായി പരാതി. കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ ആശുപത്രി നഴ്‌സിംഗ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തു.

കഴിഞ്ഞമാസം 22നാണ് ശാലിനി കൊല്ലപ്പെട്ടത്. ശാലിനിയെ കൊലപ്പെടുത്തിയതിനുശേഷം ഭർ‌ത്താവ് ഐസക് മാത്യു ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങുകയും ചെയ്തു. ശാലിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റുന്നതിന് മുൻപ് ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അലമാരയിൽ വച്ചിരുന്നു. ഒരു ജോഡി പാദസരം, ഒരു ജോഡി കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവയുൾപ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ആഭരണങ്ങൾ കൈപ്പറ്റാൻ ശാലിനിയുടെ അമ്മ ലീല മൂന്ന് ദിവസം മുൻപ് ആശുപത്രിയിലെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും പൊലീസിൽ പരാതി നൽകിയെന്നുമാണ് ആശുപത്രി അധികൃതർ ലീലയെ അറിയിച്ചത്.

രണ്ടാഴ്‌ച മുൻപും ആഭരണങ്ങൾ കൈപ്പറ്റാനായി ലീല ആശുപത്രിയിൽ എത്തിയിരുന്നു. ആഭരണങ്ങൾ അലമാരയിൽ പൂട്ടിവച്ചിരിക്കുകയാണെന്നും താക്കോൽ മറ്റൊരാളുടെ കയ്യിൽ ആണെന്നുമാണ് നഴ്‌സുമാർ അന്ന് ലീലയോട് പറഞ്ഞത്. ഈ മാസം എട്ടിനും 11നും ഇടയിൽ മോഷണം നടന്നുവെന്നാണ് നഴ്‌സിംഗ് വിഭാഗം ജീവനക്കാരി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.