ഭിന്നശേഷിക്കാരിയെ  പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20  വർഷം  കഠിനതടവ് വിധിച്ച് കോടതി

Saturday 25 October 2025 7:17 PM IST

കോട്ടയം: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. കോട്ടയം മീനച്ചിലിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അയൽവാസി വള്ളിച്ചിറ സ്വദേശി ടി ജി സജിക്കാണ് 20 വർഷം കഠിന തടവ് വിധിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്രിലാണ് കേസിനാസ്‌പദമായസംഭവം ഉണ്ടായത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നൽകണം.

അതേസമയം, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിത ഭവനിൽ ജിതിനാണ് (19) ഏനാത്ത് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ കുന്നിട അഞ്ചുമലപ്പാറയിൽ കൂട്ടിക്കൊണ്ടുപോയാണ് ജിതിൻ പീഡിപ്പിച്ചത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.