'എല്ലാം അറിയുന്നവൻ' മുരാരി!

Sunday 26 October 2025 3:34 AM IST

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെയും വാതിൽപ്പടിയിലെയും രണ്ടുകിലോ സ്വർണം കൊള്ളയടിച്ചതിനെക്കുറിച്ച് എല്ലാം അറിയുന്നയാളാണ് കഴിഞ്ഞ ദിവസം റിമാൻഡിലായ ദേവസ്വംബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരിബാബു. ശ്രീകോവിലിന്റെ ഭാഗമായുള്ള മുഴുവൻ ഭാഗങ്ങളും 1998-99 ൽ 30.29 കിലോ സ്വർണംകൊണ്ട് പൊതിഞ്ഞതാണ്. അതിനു മുമ്പേ ജോലിക്കു കയറിയ ബാബുവിന് ഇക്കാര്യം നേരിട്ട് അറിയാമായിരുന്നിട്ടും ചെമ്പുതകിടെന്ന് കള്ള റിപ്പോർട്ടുണ്ടാക്കി. സ്വർണക്കൊള്ളയ്ക്കുള്ള ഗൂഢാലോചനയുടെ ഉത്തമ തെളിവാണ് ഇതെന്നാണ് അന്വേഷണസംഘം പറയുന്നത്.

എന്നാൽ കേവലം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായ തനിക്കു മാത്രമായി ഇങ്ങനെയൊരു റിപ്പോർട്ട് ഉണ്ടാക്കാനാവില്ലെന്നും,​ മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബാബുവിന്റെ മൊഴി. ബോർഡിലെയും സർക്കാരിലെയും ഉന്നതർക്കുള്ള കുരുക്കാണ് ഈ മൊഴി. സ്വർണക്കൊള്ളയിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കുന്നതോടെ വമ്പന്മാർ കുടുങ്ങുകയും ചെയ്യും. സ്വർണ്ണക്കൊള്ളയ്ക്ക് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിലും പ്രതിയായ ബാബു, ഹൈക്കോടതി നിർദ്ദേശപ്രകാരമെടുക്കുന്ന ഗൂഢാലോചനക്കേസിലും പ്രതിയാവും.

സർവത്ര

സൂത്രം

സ്വർണക്കൊള്ളയ്ക്ക് അവസരമൊരുക്കുക മാത്രമല്ല, തെളിവ് നശിപ്പിക്കാനും ബാബു ശ്രമിച്ചു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ ഇ-മെയിൽ കിട്ടിയതിനു പിന്നാലെ ദ്വാരപാലക ശില്പങ്ങൾ 2024-ലും അവർക്ക് വിട്ടുനൽകാമെന്ന് ബാബു നിയമവിരുദ്ധമായ ശുപാർശ നൽകിയെന്നാണ് കണ്ടെത്തൽ. 2019-ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാനാണോ 2025-ലും പോറ്റിക്ക് സ്വർണപ്പാളികൾ പുതുക്കാൻ നൽകിയതെന്ന് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏല്പിച്ച വസ്തുവകകളുടെ തൂക്കം രേഖപ്പെടുത്താതിരുന്നതും ഗൂഢാലോചനയ്ക്ക് തെളിവാണ്. മഹസർ തയ്യാറാക്കിയപ്പോൾ സ്ഥലത്തില്ലായിരുന്നവരുടെ പേര് വ്യാജമായി എഴുതിച്ചേർത്തു. പോറ്റിയുടെ സുഹൃത്തുക്കളുടെ ഒപ്പിട്ടു വാങ്ങി.

സ്വർണപ്പാളികളുമായി ചെന്നൈയ്ക്കു പോയ പോറ്റിക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥരാരും പോയില്ല. സ്മാർട്ട് ക്രിയേഷൻസിൽ വച്ച് മഹസറിലെ തൂക്കവുമായി സ്വർണത്തിന്റെ തൂക്കം ഒത്തുനോക്കേണ്ടതായിരുന്നു. അന്യസംസ്ഥാനങ്ങളിലടക്കം എത്തിച്ച് പൂജ നടത്താൻ പോറ്രിക്ക് അവസരമൊരുക്കി. ഒരു മാസത്തിലേറെ ഇത് കൈയിൽ സൂക്ഷിക്കാൻ അനുവദിച്ചു. പാളികൾ ശ്രീകോവിലിൽ സ്ഥാപിച്ചപ്പോൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മാറിനിന്നു. ദേവസ്വം സ്മിത്തിനെ ഉപയോഗിച്ച് തൂക്കം നോക്കാതെ പേരിനു മാത്രം മഹസർ തയ്യാറാക്കി. താങ്ങുപീഠം തിരുവാഭരണം രേഖകളിലോ രജിസ്റ്ററിലോ എഴുതിച്ചേർത്തില്ല. ഇതെല്ലാം സ്വർണക്കൊള്ളയ്ക്കുള്ള ഗൂഢാലോചനയുടെ തെളിവുകളാണ്. ഇനി മുരാരി ബാബുവിനം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമ്പോൾ ഗൂഢാലോചനയുടെ ചുരുളഴിയും.

മാന്ത്രികൻ

മുരാരി!

ദ്വാരപാലക ശില്പങ്ങളിലെ രണ്ടുകിലോ സ്വർണം കവർന്ന കേസിലെ രണ്ടാംപ്രതിയും ശ്രീകോവിലിന്റെ വാതിൽപ്പടിയിലെ സ്വർണക്കൊള്ളയിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. 2019-ലും 2024-ലും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കിയ ബാബു, കഴിഞ്ഞവർഷവും ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കൊണ്ട് സ്വർണം പൂശിക്കാൻ ശുപാർശ ചെയ്തു. സ്വർണക്കൊള്ളയ്ക്കുള്ള ആസൂത്രിത നീക്കമായിരുന്നു ഇത്. ദേവസ്വംബോർഡിൽ വൻ സ്വാധീനമുള്ള ബാബു ആർക്കൊക്കെ വേണ്ടിയാണ് സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കിയതെന്നാണ് ഇനി കണ്ടെത്തേണ്ടത്. അതേസമയം,​ പാളികളിലെ ചെമ്പ് തെളിഞ്ഞതിനാലാണ് സ്വർണം പൂശാൻ ശുപാർശ നൽകിയതെന്നാണ് ബാബുവിന്റെ മൊഴി. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും,​ സ്വർണം പൂശാൻ അനുമതി നൽകിയത് തനിക്ക് മുകളിലുള്ളവരാണെന്നും ബാബു വെളിപ്പെടുത്തിയിട്ടുണ്ട്.

മഹസറുകളിൽ തിരിമറി നടത്തി,​ സ്വർണപ്പാളി എന്നത് മന:പൂർവം ചെമ്പുപാളിയാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ശ്രീകോവിലിൽ നിന്നുതന്നെ മുതൽ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തി, ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തി, ക്ഷേത്രസമ്പത്ത് ദുരുപയോഗം ചെയ്യാൻ ഒത്താശ ചെയ്തു, ശബരിമലയുടെ പ്രശസ്തിക്കു കോട്ടം തട്ടാനിടയാക്കി എന്നിങ്ങനെയുള്ള ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്. 2024-ലും ദ്വാരപാലകശില്പങ്ങളിലെ അറ്റകുറ്റപ്പണിക്ക് പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാർശ. എന്നാൽ, ദേവസ്വം ബോർഡ് ഇത് തള്ളുകയും നേരിട്ട് ചെന്നൈയിലെത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

സന്നിധാനത്തു നിന്ന് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ തന്നെയാണോ തിരികെ കൊണ്ടുവന്നത് എന്നതെന്ന് ഹൈക്കോടതി സംശയമുന്നയിച്ചിട്ടുണ്ട്. ഇവ തിരികെ ഘടിപ്പിക്കുന്ന സമയത്ത് തൂക്കം നോക്കാതിരുന്നതിലും അത് മഹസറിൽ രേഖപ്പെടുത്താതിലും ഉന്നതരായ ദേവസ്വം അധികൃതർക്ക് ഉത്തരവാദിത്വമുണ്ട്. 2025-ൽ,​ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശുന്നതിൽ സ്മാർട് ക്രിയേഷൻസിന് വൈദഗ്ദ്ധ്യമില്ലെന്നും,​ അതിനാൽ പരമ്പരാഗത രീതിയിൽ ചെയ്യാമെന്നും നിലപാടെടുത്ത ദേവസ്വം കമ്മിഷണർ എട്ടുദിവസത്തിനു ശേഷം നിലപാട് മാറ്റിയതും സംശയകരമാണ്. സന്നിധാനത്തുനിന്ന് കൊണ്ടുപോയ പാളികൾ അന്യസംസ്ഥാനങ്ങളിലെ സമ്പന്നർക്ക് മുറിച്ചുവിറ്റ ശേഷം ചെമ്പിൽ വേറെ പാളികളുണ്ടാക്കിയതാവാമെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.

ബംഗളൂരു

തിരക്കഥ

സ്വർണ്ണക്കൊള്ളയുടെ തിരക്കഥയുണ്ടാക്കിയത് ബംഗളൂരുവിലാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. സ്വർണപ്പാളി ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതും പാളികൾ തിരിച്ചെത്തിച്ചപ്പോൾ തൂക്കം നോക്കാതിരുന്നതുമെല്ലാം ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. സ്വർണം പൊതിഞ്ഞ പാളികൾ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയതും തട്ടിപ്പുകാരുടെ നിർദ്ദേശപ്രകാരമായിരുന്നു. 2019-ൽ പുതുതായി സ്ഥാപിച്ച പാളികളിൽ കേടുപറ്റിയെന്ന് വരുത്തിതീർത്ത് 2024-ൽ ഇളക്കിയെടുത്ത് കൊണ്ടുപോവാൻ ശ്രമിച്ചതും കൊള്ള ലക്ഷ്യമിട്ടുതന്നെ.

1998-ൽ വ്യവസായി വിജയ് മല്യ ശ്രീകോവിലിന്റെ വാതിലുകളിലും മുകളിലെ കൊത്തുപണികളിലുമായി 2.51കിലോ സ്വർണം പൊതിഞ്ഞുനൽകിയിരുന്നു. എന്നാൽ, 2019 മാർച്ചിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശിയ പുതിയ വാതിൽ സംഭാവന ചെയ്തു. 324 ഗ്രാം സ്വർണം പൂശിയ വാതിലാണിത്. പഴയ വാതിലിന്റെ രണ്ടു പാളികൾ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഏല്പിക്കുന്നു എന്ന് മഹസറിലുണ്ട്. ഇതിൽ സ്വർണം പൊതിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാക്കുന്നില്ല. ഈ വാതിൽ ശബരിമലയിലെ ലോക്കർ റൂമിലില്ലെങ്കിൽ സ്വർണക്കൊള്ളയുടെ വ്യാപ്തി കൂടും. സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു കൂട്ടം ദ്വാരപാലക ശില്പങ്ങൾ വിട്ടു നൽകാമെന്നും ശുപാർശയുണ്ടായിരുന്നു. 2019 ഓഗസ്റ്റിനും ഡിസംബറിനുമിടെ മൂന്നു പേരാണ് തിരുവാഭരണം കമ്മിഷണർ സ്ഥാനത്തുണ്ടായിരുന്നത്. അടിക്കടിയുണ്ടായ ഈ നിയമനങ്ങൾ കൊള്ളയ്ക്ക് കളമൊരുക്കാനായിരുന്നോ എന്നാണ് സംശയം.