മന്ത്രി 'കേളു ഏട്ടനെ' വെറുതെ വിടുക
വോട്ട് ചെയ്ത് വിജയിപ്പിച്ച സ്ഥാനാർത്ഥികളെ വീണ്ടും കാണണമെങ്കിൽ അഞ്ചുകൊല്ലം കഴിയണം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തതോടെ വീണ്ടും സ്ഥാനാർത്ഥികളുടെ സ്നേഹ പ്രകടനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇവിടെയാണ് വയനാടിന്റെ സ്വന്തം മന്ത്രി ഒ.ആർ. കേളു വ്യത്യസ്തനാകുന്നത്. വയനാടിന്റെ ഓരോ ഇടവഴികളിലും ഒരു നാട്ടുകാരനെപ്പോലെ കുശലം അന്വേഷിക്കുന്ന മന്ത്രിയെയും അവരുടെ പ്രശ്നങ്ങളിൽ എത്തുന്ന ഏതൊരാൾക്കും കാണാം. മന്ത്രിക്ക് വയസ് 55 ആണെങ്കിലും, ആറുമാസം മുമ്പ് 80 കഴിഞ്ഞ മാനന്തവാടിയിലെ റിട്ട. ഡി.എം.ഒയും പ്രമുഖ ചൈൽഡ് സ്പെഷ്യലിസ്റ്റുമായ ഡോ. ടി.വി. സുരേന്ദ്രൻ പോലും വിളക്കുന്നത് കേളു ഏട്ടൻ എന്നാണ്. ഇദ്ദേഹം മാത്രമല്ല, തിരുനെല്ലിയിലെ നൂറിലെത്തിയ ആദിവാസി മൂപ്പൻ മാരനും അങ്ങനെയേ വിളിക്കൂ. ഇതൊരു പെങ്ങച്ച വിളിയല്ല. ബഹുമാനമാണ്. ഒ.ആർ. കേളു എന്ന കേളു ഏട്ടനോടുള്ള ബഹുമാനം. കുറിച്യ സമുദായത്തിൽ, സാധാരണക്കാരിൽ നിന്ന് ഉയർന്നുവന്ന വ്യക്തിയാണ് ഒ.ആർ. കേളു. ഇന്ന് സംസ്ഥാന മന്ത്രി പദവി വരെ എത്തിയെങ്കിലും അദ്ദേഹം വന്ന വഴിയും തന്നെ പിന്തുണച്ചവരെയും മറിന്നിട്ടില്ല. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ സ്ഥലത്തെ യു.ഡി.എഫ് ചിന്തകനായ മുനീർ പാറക്കടവത്ത് പകത്തിയ വീഡിയോ വൈറലായിരുന്നു. അകമ്പടി പൊലീസോ പേഴ്സണൽ അസിസ്റ്റന്റോ ഇല്ലാതെ സ്ഥലത്തെ ഓജസ് മെഡിക്കൽ ഷാേപ്പിൽ ഒരു സാധാരണക്കാരനെപ്പോലെ കയറിച്ചെന്ന് മരുന്ന് വാങ്ങുന്ന ഒ.ആർ. കേളു. കട ഉടമ മോഹനനോടും കടയിലുണ്ടായിരുന്ന വ്യക്തികളോടും കുശലാന്വേഷണം നടത്തി തന്റെ മൊബൈൽ വഴി ഗൂഗിൾ പേ നൽകി പുറത്തേക്കിറങ്ങുന്നു. കാറിന് സമീപം വട്ടം കൂടിയവരോടും മന്ത്രി സ്നേഹത്തോടെ വിശേഷങ്ങൾ തിരക്കുന്നു. തൂണിനോടും തുരുമ്പിനോടും വിശേഷങ്ങൾ തിരക്കിയാണ് കേളുവിന്റെ ഇതുവരെയുള്ള യാത്ര. അതാണ് യു.ഡി.എഫ് ചിന്താഗതിക്കാരനായ യുവാവിനെ ഇങ്ങനയൊരു വീഡിയോ പകർത്താൻ പ്രേരിപ്പിച്ച ഘടകം. ഒഴിവുദിവസങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാൽ, തൂമ്പയെടുത്ത് പറമ്പിൽ കിളക്കുന്ന കേളുവിനെ കാണാം. വന്ന വഴി മറക്കാതിരിക്കുന്ന മന്ത്രി അങ്ങനെയാണ് ഏവരുടെയും മനസിലെ കേളു ഏട്ടനായി മാറുന്നത്. രാഷ്ട്രീയത്തിന് അതീതമായ ബന്ധം കേളു സമ്പാദിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് യു.ഡി.എഫിന് മുൻതൂക്കമുള്ള വടക്കേ വയനാട്ടിൽ നിന്ന് 2016 മുതൽ കേളു സ്ഥിരമായി ജയിക്കുന്നത്. കേളുവിന് വോട്ട് നൽകിയവരിൽ കോൺഗ്രസുകാരും മുസ്ലീം ലീഗുകാരും ബി.ജെ.പിക്കാരുമെല്ലാം ഉൾപ്പെടും. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് കേളു മണ്ഡലത്തിൽ തരംഗം സൃഷ്ടിച്ചത്. അതാണ് കേളുവിന്റെ വിജയം. ചിത്രം വൈറലായതിന് തൊട്ടടുത്ത ദിവസം തന്നെയാണ് കേളു രാജിവെക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിലെ മന്ത്രി ഓഫീസിലേക്ക് കോൺഗ്രസും ബി.ജെ.പിയും എല്ലാം മാർച്ച് നടത്തിയത്! ഇത് രാഷ്ട്രീയം! കേളു എല്ലാം ചിരിച്ച് തള്ളുന്നു. കത്തിക്കയറി വിവാദം പട്ടികവർഗ വകുപ്പിന് കീഴിലുള്ള തിരുനെല്ലി ഗവ. ആശ്രമം റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളുടെ താമസ സൗകര്യമാണ് അടുത്തിടെ വയനാടിനെ പിടിച്ചുലച്ച വിഷയം. ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസ് വരെയുള്ള 127 ആദിവാസി പെൺകുട്ടികൾ അസൗകര്യങ്ങൾ നിറഞ്ഞ ഹോസ്റ്റൽ മുറിയിലാണ് കഴിഞ്ഞിരുന്നത്. പ്രാക്തന ഗോത്രവർഗ്ഗത്തിൽപ്പെട്ട അടിയപണിയ വിഭാഗത്തിലുള്ളവരാണ് ഭൂരിപക്ഷം കുട്ടികളും. വിവരം പുറത്തായതോടെ സാംസ്ക്കാരിക കേരളം ഞെട്ടി. പിന്നാക്ക വകുപ്പ് മന്ത്രിയുടെ നാട്ടിൽ നടന്ന സംഭവം രാഷ്ട്രീയ എതിരാളികൾ ആളിക്കത്തിച്ചു. മാനന്തവാടിയിലെ മന്ത്രി ഓഫീസിലേക്ക് കോൺഗ്രസും ബി.ജെ.പിയും മത്സരിച്ച് മാർച്ച് നടത്തി. മുൻ മന്ത്രിയും പറഞ്ഞുവരുമ്പോൾ ബന്ധുവുമായ പി.കെ. ജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ സമരം. കഴിഞ്ഞ ജൂലായ് മാസത്തിലാണ് തിരുനെല്ലി ആശ്രമം സ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ അപകടവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് ചെയ്തത്. ഈ കുട്ടികളെയൊക്കെ കണ്ണൂർ ജില്ലയിലെ ആറളത്ത് പണി പൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു മന്ത്രിയുടെ തീരുമാനം. എന്നാൽ 2014-ൽ ജയലക്ഷ്മി മന്ത്രിയായിരിക്കെ ഏതാണ്ട് 20 കോടിയിലധികം ചെലവാക്കി മാനന്തവാടിക്കടുത്ത് മക്കിമലയിൽ പത്തേക്കറിലധികം ഭൂമിയിൽ വിശാലമായ സ്കൂൾ കെട്ടിട സമുച്ചയം പണിതിരുന്നു. 2016-ൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയതോടെ ആ കെട്ടിട സമുച്ചയം കാടുകയറി നശിച്ചു. പകരം ആറളത്ത് പുതിയ കെട്ടിടം നിർമ്മാണവും ആരംഭിച്ചു. കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. അന്ന് പി.കെ. ജയലക്ഷ്മിയായിരുന്നു പട്ടികവർഗ വികസന വകുപ്പ് മന്ത്രി. ഒഡിഷയിലെ കലിംഗ മാതൃകയിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ മക്കിമലയിൽ നിർമിക്കാനായിരുന്നത്രേ പദ്ധതി. 10 വർഷമായിട്ടും പ്രവൃത്തികൾ പൂർത്തീകരിക്കാനായിട്ടില്ല. കോടികൾ മുടക്കി നിർമിച്ച അഞ്ചുകെട്ടിടങ്ങളും കാടുകയറി നശിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്താണ് മക്കിമലയിലെ കെട്ടിടമെന്നും ആരോപണമുണ്ട്. പിന്നെന്തിന് ഇവിടെ കോടികൾ മുടക്കി കെട്ടിടം പണിതു? ഈ കെട്ടിടം യഥാസമയം പൂർത്തിയാക്കിയിരുന്നെങ്കിൽ തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികളെ ആറളത്തെ ആനക്കാട്ടിലേക്ക് പറഞ്ഞയക്കേണ്ട അവസ്ഥ വരുമായിരുന്നില്ല. നടപടിയും വേഗത്തിൽ പ്രതികൂല സാഹചര്യത്തിലും ഇവിടെയുള്ള വിദ്യാർത്ഥികൾ അക്കാഡമികവും കായികവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഏറ്റവും പിന്നാക്ക അവസ്ഥയിൽ ജീവിക്കുന്ന അടിയ, പണിയ സമൂഹത്തിൽപ്പെട്ട ഈ കുട്ടികൾ ആ സമൂഹത്തിന് മാത്രമല്ല, രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പ്രചോദനമാണ്. ഭൂരിപക്ഷം കുട്ടികളും മറ്റൊരു ജില്ലയിലേക്ക് മാറി പഠനം നടത്തേണ്ടി വരുമ്പോൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനുള്ള സാദ്ധ്യതയുണ്ടെന്നും ആശങ്കാജനകമാണെന്നും പ്രിയങ്ക ഗാന്ധി എം.പി. മന്ത്രി ഒ.ആർ. കേളുവിന് അയച്ച കത്തിൽ ആശങ്കയറിയിച്ചു. നിലവിലെ ഹോസ്റ്റലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കുട്ടികളെ തിരുനെല്ലിയിൽ തന്നെ പഠിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നാണ് ആവശ്യം. തിരുനെല്ലി ഗവ. ആശ്രമം റസിഡൻഷ്യൽ സ്കൂൾ കണ്ണൂർ ജില്ലയിലെ ആറളത്തേക്ക് മാറ്റുന്നത് താൽക്കാലികമാണെന്ന് മന്ത്രി ഒ.ആർ. കേളു തറപ്പിച്ച് പറയുന്നു. തിരുനെല്ലിയിലെ ഹോസ്റ്റൽ കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കും. ആറളത്ത് വൈദ്യുതി കണക്ഷനായി 21.36 ലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ അടച്ചു. അടുത്തദിവസം കണക്ഷൻ ലഭിക്കും. അടുത്ത ദിവസം തന്നെ സ്കൂളിന്റെ പ്രവർത്തനം ആറളത്തേക്ക് മാറ്റും. പട്ടിക വിഭാഗക്കാർക്ക് വിദഗ്ദ തൊഴിൽ പരിശീലനം ഉൾപ്പെടെ നൽകുന്നതിനാണ് ആറളത്ത് കെട്ടിടം നിർമ്മിച്ചത്. കുട്ടികളുടെ പഠന സൗകര്യത്തിനായി ആറളത്ത് പത്തുലക്ഷം രൂപയും വിനിയോഗിച്ചു. ഒരു നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിലും മൂന്നുനിലകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിലുമായി 240 ഓളം കുട്ടികളാണ് താമസിച്ച് പഠിച്ചിരുന്നത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകടരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു.