ലോക   ഒ.ടി.ടിയിലും  ഡീയെസ് ഈറേ തിയേറ്ററിലും

Sunday 26 October 2025 6:40 AM IST

ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ലോക: ചാപ്ടർ -,1 ചന്ദ്ര ഒ.ടി.ടിയിലും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച് പ്രണവ് മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഡീയെസ് ഈറേ തിയേറ്ററിലും ഹാലോവിൻ ദിനമായ ഒക്ടോബർ 31 ന് റിലീസ് ചെയ്യും. ആത്മാക്കളുടെ ദിനമാണ് ഹാലോവിൻ ഡേ . മരിച്ചു പോയവരുടെ ആത്മാക്കൾ ഉറ്റവരെ കാണാനെത്തുന്ന ദിവസം എന്നാണ് വിശ്വാസം. ഹൊറർ സ്പർശമുള്ള ഫാന്റസി സൂപ്പർ ഹീറോ സിനിമയായ ലോക യും ഹൊറർ ത്രില്ലറായ ഡിയെസ് ഈറേയും ഹാലോവിൻ ദിനത്തിൽ ഒ.ടി.ടിയിലും തിയേറ്ററുകളിലുമെത്തുന്നതിൽ കൗതുകകരമായ ഒരു യാദൃശ്ചികതയുണ്ട്. വേഫെറർ ഫിലിംസ് നി‌ർമ്മിച്ച ലോക യിൽ കല്യാണി പ്രിയദർശനും നസ്‌ലിനും ആണ് പ്രധാന വേഷത്തിൽ. ജിയോ ഹോട് സ്റ്റാറിലാണ് ലോകയുടെ സ്ട്രീമിംഗ്. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ തെന്നിന്ത്യൻ താരം സുഷ്മിത ഭട്ടും ഡീയെസ് ഈറേയിൽ അഭിനയിക്കുന്നുണ്ട്.

നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറിൽ ഭ്രമയുഗത്തിനുശേഷം ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഡീയസ് ഈറേയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. 'ക്രോധത്തിന്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ് ആണ് കേരളത്തിൽ വിതരണം . ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് . റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ തിങ്ക് സ്റ്റുഡിയോസ് ആണ് വിതരണം . കർണാടകയിൽ വികെ ഫിലിംസും . നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് , യുഎസ്എയിൽ പ്രൈം മീഡിയ യുഎസും വിതരണം ചെയ്യുന്നു. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ , കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധാനം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം.ആർ. രാജാകൃഷ്ണൻ, പി.ആർ. ഒ: ശബരി.