ജലസ്രോതസുകൾ നശിക്കുമ്പോൾ
കിളിമാനൂർ: ഒരു കാലത്ത് നാടിന്റെ ജീവനാഡികളായിരുന്ന കുളങ്ങളിന്ന് അവഗണനയിലാണ്. രാജഭരണ കാലത്തും ജനാധിപത്യ ഭരണം വന്നപ്പോഴും ഒരു ജനതയ്ക്ക് കുടിവെള്ളത്തിനും കൃഷിക്കും കന്നുകാലികളെ കുളിപ്പിക്കാനുമൊക്കെ ജലം നൽകിയ നിരവധി കുളങ്ങളാണ് ഇന്ന് ചരിത്രത്തിന്റെ അവശേഷിപ്പുമായി നാശത്തിന്റെ വക്കിലുള്ളത്. മുൻ വർഷങ്ങളിൽ വേനലിൽ ജലക്ഷാമം രൂക്ഷമായപ്പോൾ തന്നെ നാശോന്മുഖമായ ഈ പൊതുകുളങ്ങൾ ശുചിയാക്കിയെടുത്തിരുന്നെങ്കിൽ പുതുതലമുറയ്ക്ക് ഇത് ഉപയോഗിക്കാമായിരുന്നു. കൃഷി ആവശ്യത്തിന് വയലുകൾക്ക് സമീപവും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച ഇത്തരത്തിലുള്ള പൊതുകുളങ്ങൾ മാലിന്യങ്ങളെറിഞ്ഞും കരിങ്കൽക്കെട്ട് തകർന്നും ഉപയോഗശൂന്യമാണ്.
ഒട്ടുമിക്ക കുളങ്ങളുമിന്ന് കാടുമൂടിയും കുറ്റിച്ചെടികളടക്കം വളർന്നു പൊന്തിയും നിൽക്കുകയാണ്. ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നതും പതിവാണ്. ഗാർഹിക, വ്യാവസായിക മാലിന്യങ്ങളും ഭക്ഷ്യ, മാംസാവശിഷ്ടങ്ങളുമാണ് തള്ളുന്നതേറെയും.
നിർമ്മിക്കാൻ ആവേശം,
പരിപാലിക്കാനില്ല
ഭൂരിഭാഗം കുളങ്ങളും പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചവയാണ്. എന്നാൽ നിർമ്മിക്കാനുള്ള ആവേശം പരിപാലിക്കുന്നതിൽ കാണിക്കുന്നില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജലഅതോറിട്ടിയുടെ ശുദ്ധജല വിതരണത്തിനായി ആഴ്ചകളോളം കാത്തിരിക്കുന്നവർ നിരവധിയുണ്ട്. ഈ സാഹചര്യത്തിൽ പഴയ ജലാശയങ്ങൾ വൃത്തിയാക്കിയെടുക്കുന്നത് ഗൗരവമായി കാണണമെന്നാണ് ആവശ്യം.
വൃത്തിയാക്കിയാൽ ഗുണം
ജലസമൃദ്ധമായ കുളങ്ങൾ കണ്ടെത്തണം
തേകിയും വൃത്തിയാക്കിയും വക്കുകെട്ടിയും സംരക്ഷിക്കണം
കുടിക്കാൻ കഴിയില്ലെങ്കിലും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം
അയ്യപ്പൻകാവ് കുളം, നീരാഴിക്കുളം, ചൂട്ടയിൽ കുളം,ഇരട്ടച്ചിറക്കുളം തുടങ്ങിയ ജല സമൃദ്ധമായ നിരവധി കുളങ്ങളിന്ന് പായൽ കയറിയും കാടു കയറിയും നശിക്കുകയാണ്