മലിനജല ട്രീറ്റ്‌മെന്റ് പ്ളാന്റ് പൂർണസജ്ജമാക്കാത്തതിൽ കൗൺസിലിൽ ബഹളം പ്ളാന്റിൽ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് പ്രതിപക്ഷം; അന്വേഷണകമ്മിഷനെ നയിക്കാൻ ക്ഷണിച്ച് ഭരണപക്ഷ പ്രതിരോധം

Saturday 25 October 2025 9:45 PM IST

കണ്ണൂർ : അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പടന്നപ്പാലത്തെ മലിന ജല ട്രീറ്റ്‌മെന്റ്പ്ലാന്റ് പൂർണസജ്ജമാകാത്തതിനെ ചൊല്ലി ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ വാക്കുതർക്കം. പ്രവർത്തനമാരംഭിച്ച് രണ്ട് വർഷമായിട്ടും പ്ളാന്റ് സമ്പൂർണമായി പ്രയോജനപ്പെടുത്താൻ സാധിക്കാത്തതിന് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോയെന്നായിരുന്നു പ്രതിപക്ഷ ആരോപണത്തിന്റെ ധ്വനി.

പ്ലാന്റിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന പ്രതിപക്ഷ കൗൺസിലർ ടി.രവീന്ദ്രൻ ആരോപണമാണ് കൗൺസിലിനെ ചൂടുപിടിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പരാജയഭീതിയാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്ന് പറഞ്ഞ് മുൻമേയർ ടി.ഒ.മോഹനൻ ഭരണപക്ഷത്തിന് വേണ്ടി പ്രതിരോധം തീർത്തു. ആരോപണമുന്നയിച്ച രവീന്ദ്രനെ ചെയർമാനാക്കി അന്വേഷണകമ്മിഷനെ നിയമിച്ച് അന്വേഷിക്കാവുന്നതാണെന്ന വെല്ലുവിളിയും മുൻമേയർ ഉയർത്തി. ഈ വെല്ലുവിളിയിൽ ഉറച്ചുനിൽക്കുന്നോയെന്ന് കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ.രാഗേഷിന്റെ അഭിപ്രായവും ബഹളത്തിൽ കലാശിച്ചു.

കോർപറേഷൻ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തിയതിന്റെ ചൂട് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലുണ്ടായിരുന്നു. ഭരണപക്ഷം നേട്ടങ്ങൾ നിരത്തിയപ്പോൾ അഴിമതി ആരോപണമായിരുന്നു പ്രതിപക്ഷത്തിന്റെ തിരിച്ചടി. ഇതിനിടെ ഗാന്ധി പ്രതിമ മറച്ച് സ്ഥാപിച്ച പരസ്യബോർഡ് മാറ്റണമെന്ന ഭരണപക്ഷ കൗൺസിലർ കൂക്കിരി രാജേഷിന്റെ ആവശ്യത്തിൽ മേയർ നടപടി ഉറപ്പുവരുത്തി. നവംബർ ഒന്നിനുള്ള സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനത്തിലുള്ള കോർപറേഷൻ നിലപാടും യോഗത്തിൽ വ്യക്തമാക്കപ്പെട്ടു. ഈ പദ്ധതി പൊറാട്ട് നാടകമാണെന്നായിരുന്നു ഭരണസമിതിയെ ആദ്യ മൂന്നുവർഷം നയിച്ച പ്രമുഖ കോൺഗ്രസ് നേതാവു കൂടിയായ ടി.ഒ.മോഹനൻ ആക്ഷേപിച്ചത്.ഡെപ്യൂട്ടി മേയർ പി.ഇന്ദിരയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്.

എൻജിനീയർമാർ മെല്ലെപ്പോക്കിലാണ്

നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്റെ മെല്ലെപോക്കിനെതിരെയും കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നു.

2022 മുതലുള്ള സ്പിൽ ഓവർ വർക്കുകൾ കരാറുകാർക്ക് ഏറ്റെടുക്കാൻ പറ്റാത്ത രീതിയിലുള്ള എസ്റ്റിമേറ്റാണ് കൊടുക്കുന്നതെന്നായിരുന്നു മറ്റൊരു ആരോപണം. തകർന്ന റോഡുകൾ മഴ നീങ്ങിയ ഉടൻ അറ്റകുറ്റ പണി നടത്തണമെന്ന് മേയർ നിർദേശം നൽകി. .

നഗരത്തിലെ മിക്ക റോഡുകളും തകർന്ന് തരിപ്പണമാണ് . മൂന്ന് മാസം കഴിഞ്ഞിട്ടും പെർമിറ്റ് നൽകാത്ത അവസ്ഥയാണ്. 400 ഓളം അപേക്ഷകൾ കെട്ടി കിടക്കുകയാണ് .

പി.കെ.രാഗേഷ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ

എം.എൽ .എ ഫണ്ടിൽ ഉൾപ്പെടുത്തിയുള്ള റോഡുകളുടെ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കാൻ കൂട്ടായ ശ്രമം നടത്തണം. ഉത്തരവാദിത്വം മറന്ന് കൗൺസിലിൽ ഒച്ച വച്ച് സംസാരിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷ അംഗങ്ങൾ.

അഡ്വ.ടി.ഒ.മോഹനൻ.

പതാകകളും ബോർഡുകളും നീക്കി

കൗൺസിൽ ഹാൾ കയറി തൃണമൂൽ പ്രതിഷേധം

കണ്ണൂർ : കോർപറേഷൻ കൗൺസിൽ യോഗം നടക്കുന്നിതിനിടയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തർ പ്രതിഷേധവുമായി കയറിയത് നാടകീയതയ്ക്കിടയാക്കി. യോഗം പുരോഗമിക്കുന്നതിനിടയിലായിരുന്നു

തൃണമൂൽ സംസ്ഥാന കോഓർഡിനേറ്റർമാരായ പ്രസീത അഴീക്കോട്, നിസാർ മേത്തർ എന്നിവരുടെ നേതൃത്വത്തിൽ ഹാളിലേക്ക് പ്രവേശിച്ചത്. പാർട്ടി ജില്ലാ പ്രവർത്തക കൺവൻഷന്റെ പ്രചരണത്തിനായി നഗരത്തിൽ സ്ഥാപിച്ച പതാകകളും ബോർഡുകളും കോർപറേഷൻ നീക്കിയതിൽ സെക്രട്ടറിയെ കണ്ട് പ്രതിഷേധമറിയിക്കാനായിരുന്നു ഇവർ എത്തിയത്. അനുവാദമില്ലാതെ കൗൺസിൽ ഹാളിലേക്ക് പ്രവേശിച്ച തൃണമൂൽ നേതാക്കളെ കൗൺസിൽ അംഗങ്ങൾ തടയുന്നതിനിടയിൽ ഉന്തും തള്ളുമുണ്ടായി.ക്കുകയായിരുന്നു. അനുമതിയില്ലാതെ സ്ഥാപിച്ച ബാനറുകളാണ് നീക്കിയതെന്നും കോർപറേഷൻ അധികൃതർ വിശദീകരിച്ചു.