കോർപറേഷനിൽ പുതുമുഖങ്ങളെ പരിഗണിക്കാൻ കോൺഗ്രസ്; രണ്ടു ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം

Saturday 25 October 2025 9:58 PM IST

കണ്ണൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഭരണതുടർച്ച ഉറപ്പാക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്.പരിചിതമായ മുതിർന്ന നേതാക്കളെ അണിയറയിൽ നിർത്തി പുതുമുഖങ്ങൾക്ക് പരമാവധി അവസരങ്ങൾ നൽകാനുള്ള നീക്കമാണ് നടക്കുന്നത്. മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ ഇക്കുറി മാറിനിൽക്കാനാണ് സാദ്ധ്യത. ഭരണതുടർച്ചയുണ്ടായാൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

മുമ്പ് മത്സരിച്ച് പരാജയപ്പെട്ടവരെയും നഗരസഭയിലോ കോർപറേഷനിലോ കൗൺസിലർമാരായിരുന്നവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. പുതുമുഖങ്ങൾക്ക് പരമാവധി അവസരമൊരുക്കുമെന്നും വിവരമുണ്ട്.കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ മുഴുവൻ ചുമതലയും കെ.സുധാകരൻ എം.പി ഏറ്റെടുത്തിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള നടപടികൾക്കായി ഓരോ ഡിവിഷനുകളിലും രണ്ട് നിരീക്ഷകരെ നിയോഗിക്കും. മുൻ മന്ത്രി എൻ.രാമകൃഷ്ണന്റെ മകളും മുൻ കൗൺസിലറുമായ അമൃത രാമകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയാക്കാൻ സാദ്ധ്യതയുണ്ടെന്ന സൂചനയുമുണ്ട്. മഹിളാ കേൺഗ്രസ് അദ്ധ്യക്ഷ ശ്രീജ മഠത്തിലാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. പരിചയ സമ്പന്നത പരിഗണിക്കപ്പെട്ടാൽ നിലവിലെ ഡെപ്യൂട്ടി മേയർ ഇന്ദിരയ്ക്കും സാദ്ധ്യതയുണ്ട്.

ഒരു ഡിവിഷനിൽ ഒറ്റ പേര് ആശയക്കുഴപ്പവും തർക്കവും ഒഴിവാക്കാൻ ഓരോ ഡിവിഷനിൽ നിന്നും ഒരൊറ്റ സ്ഥാനാർത്ഥിയെ മാത്രം കണ്ടെത്താനാണ് കോൺഗ്രസിന്റെ നീക്കം. ഒന്നിലധികം പേരുകളുള്ളിടത്ത് നിരീക്ഷകസമിതി സമഗ്രമായി പരിശോധിച്ച് സ്ഥാനാർത്ഥിയെ കണ്ടെത്തും.പുതുമുഖങ്ങളെ അവതരിപ്പിച്ചാൽ വിജയസാദ്ധ്യത വർദ്ധിക്കുമന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്.

മുൻകാലങ്ങളിലെ സ്ഥാനാർത്ഥി നിർണയവിവാദങ്ങളും വിമതരുടെ പ്രവേശനവും ഒഴിവാക്കണമെന്ന നിർദ്ദേശം ഇതിനകം ഉയർന്നിട്ടുണ്ട്.

പുതിയ ഡിവിഷനിൽ കോൺഗ്രസ്

പുതുതായി രൂപീകരിച്ച കാഞ്ഞിര ഡിവിഷനിൽ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. രണ്ട് സീറ്റ് കൂടി വേണമെന്ന മുസ്ലീംലീഗിന്റെ ആവശ്യം സൗഹാർദപരമായി ചർച്ച ചെയ്യും.