കണ്ണൂർ ആർ.ടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ഏജന്റുമാരിൽ നിന്ന് 67,500 രൂപ പിടികൂടി

Saturday 25 October 2025 10:18 PM IST

ഏജന്റിന്റെ ഫോണിൽ എം.വി.ഐയ്ക്ക് 2400 രൂപ ഗൂഗിൾ പേ ചെയ്ത സ്ക്രീൻ ഷോട്ടും ശബ്ദസന്ദേശവും

കണ്ണൂർ: ആർ.ടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഓഫീസിന് പുറത്ത് നിന്നിരുന്ന ആറ് ഏജന്റുമാരുടെ പക്കലിൽ നിന്ന് 67,500 രൂപ വിജിലൻസ് പിടികൂടി. കണക്കിൽ പെടാത്ത ഈ തുക ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടുവന്നതാണെന്നാണ് വിജിലൻസ് നൽകുന്ന സൂചന.

ഇതിൽ ഒരു ഒരു ഏജന്റിന്റെ ഫോണിൽ നിന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് 2400 രൂപ ഗൂഗിൾ പേ വഴി അയച്ചതിന്റെ സ്ക്രീൻ ഷോട്ടും ശബ്ദ സന്ദേശവും വിജിലൻസ് കണ്ടെത്തി.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ ആരംഭിച്ച് മിന്നൽ പരിശോധന വൈകിട്ട് 5.15 നാണ് അവസാനിച്ചത്.ആർ.ടി ഓഫീസിന് പുറത്ത് തമ്പടിക്കുന്ന ഏജന്റുമാർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ നിന്ന് പണം വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നതായും പരാതി ലഭിച്ചിരുന്നു. പൊതുജനങ്ങളെ സഹായിക്കുന്നതിനായുള്ള കിയോസ്ക് കൗണ്ടറിന് സമീപത്താണ് ഏജന്റുമാർ ഇരിക്കുന്നത്. കൗണ്ടറിൽ അന്വേഷണത്തിനായി വരുന്ന ആളുകളെ ക്യാൻവാസ് ചെയ്ത് വൻതുകകൾ കൈപ്പറ്റിയാണ് ഇവർ കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതെന്നും മനസിലാക്കിയാണ് വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയത്.