മാലിന്യസംസ്കരണത്തിൽ വീഴ്ച്ച; ഹോട്ടലുകൾക്ക് പിഴ
കണ്ണൂർ: മാലിന്യസംസ്കരണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ് സ്ക്വാഡ് കതിരൂർ പൊന്ന്യം സറാമ്പിയിൽ പ്രവർത്തിക്കുന്ന ദീപം ഹോട്ടലിന് പതിനയ്യായിരം രൂപ പിഴ ചുമത്തി.മലിനജലം ഹോട്ടലിന് പിറകിലെ തോട്ടിലേക്ക് പൈപ്പ് വഴി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ തരംതിരിക്കാതെ പരിസരത്ത് കൂട്ടിയിട്ടതിനുമാണ് പിഴ. സ്ഥാപനത്തിലെ മലിനജല സംസ്കരണ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തി. ഇതേ ഹോട്ടലിലെ മാലിന്യം ജലമലിനീകരണത്തിനും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പരിധിയിലെ വീട്ടുപരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ട സംഭവത്തിൽ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്താൻ ജില്ലാ സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങൾ കത്തിച്ചതിനും ഒറ്റത്തവണ ഉപയോഗ നിരോധിത പേപ്പർ വാഴയിലകൾ സൂക്ഷിച്ചതിനും തലശ്ശേരി വീനസ് കോർണറിലെ ഹോട്ടൽ പേൾ വ്യൂവിന് പതിനയ്യായിരം രൂപയും പിഴ ചുമത്തി.നിരോധിത ഗാർബേജ് ബാഗുകളിലാക്കിയ മാലിന്യം മുഴുവനായി ഇൻസിനറേറ്ററിലിട്ട് കത്തിക്കുന്നതായി സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി.