' ദേശീയ വിദ്യാഭ്യാസ നയം ഇവിടേയും നടപ്പാവും,​ കരിക്കുലത്തിലും ഇടപെടലുണ്ടാവും,​ കാത്തിരുന്നു കാണാം'

Saturday 25 October 2025 11:01 PM IST

തിരുവനന്തപുരം : പി.എം ശ്രീ വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ വാദം തള്ളി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.എം ശ്രീ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണെന്നും ബാക്കി കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും പഠിപ്പിക്കില്ലെന്നും പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ടുമാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിനാണ് സുരേന്ദ്രൻ മറുപടി നൽകിയിരിക്കുന്നത്.

ഗാന്ധി ഘാതകൻ ഗോഡ്‌സെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ? ഗാന്ധിയെ കൊന്നത് ആർ. എസ്. എസ് ആണെന്ന കള്ള പ്രചാരണം പഠിപ്പിക്കാൻ വന്നേച്ചാൽ മതി അപ്പോ കാണാം.. പി. എം. ശ്രീ ധാരണാപത്രം ദേശീയവിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെ. ദേശീയ വിദ്യാഭ്യാസ നയം ഇവിടേയും നടപ്പാവും. കരിക്കുലത്തിലും ഇടപെടലുണ്ടാവും. കാത്തിരുന്നു കാണാം എന്നായിരുന്നു സുരേന്ദ്രൻ കുറിച്ചത്.