ട്രെയിനുകളിലെ ലാപ്ടോപ്പ് മോഷ്ടാവിന് പിടിവീണു; പ്രതി സെക്യൂരിറ്റി ജീവനക്കാരൻ

Sunday 26 October 2025 1:09 AM IST

കൊച്ചി: ട്രെയിനുകളിൽനിന്ന് ലാപ്ടോപ്പ് ഉൾപ്പെടെ യാത്രക്കാരുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കവരുന്ന മോഷ്ടാവിനെ റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സേതുമധുവാണ് (22) പിടിയിലായത്. പ്രതി ആലുവ മുട്ടത്തെ ഒരു സ്ഥാപനം കേന്ദ്രീകരിച്ച് സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

മണ്ണുത്തി ഓഫീസിലെ ഹൈഡ്രോജിയോളജിസ്റ്റ് തിരുവനന്തപുരം വെമ്പായം ഇളവൂർക്കോണം സ്വദേശി നിയാസിന്റെ ഔദ്യോഗിക ലാപ്ടോപ്പും മൊബൈൽഫോണും ഉൾപ്പെടെ 1.70 ലക്ഷം രൂപയുടെ സാധനങ്ങൾ കവ‌‌ർന്ന കേസിലാണ് അറസ്റ്റ്.

ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്ന് ആലുവയിൽ ട്രെയിനിറങ്ങിയ യുവാവിനെ എറണാകുളം റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്നാണ് പിടികൂടിയത്. ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിലെ എയർ‌കണ്ടീഷൻ കോച്ചിൽ ഉറങ്ങിക്കിടന്ന നിയാസിന്റെ ബാഗുമായി പ്രതി ആലുവ സ്റ്റേഷനിൽ ഇറങ്ങുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പിന്തുട‌‌ർന്നാണ് ഇയാളെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും. പ്രതിയെ ചോദ്യംചെയ്തുവരുന്നു. മോഷ്ടിച്ച ലാപ്ടോപ്പ് ഉപേക്ഷിച്ചതായി നൽകിയ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും അങ്കമാലി റെയിൽവേ സ്റ്റേഷനുമിടയിൽ 22ന് പുലർച്ചെയായിരുന്നു മോഷണം.