ചലച്ചിത്രതാരം ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റിൽ
ആലുവ: ആലുവ കൊട്ടാരക്കടവിന് സമീപം ചലച്ചിത്രതാരം ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാരും ജോലിക്കാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. മലപ്പുറം വഞ്ചാടി തൃപ്പനാച്ചി കൂടത്തിങ്ങൽ ഗോവിന്ദ നിവാസിൽ അഭിജിത്താണ് (24) പിടിയിലായത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതി 12അടി പൊക്കമുള്ള ഗേറ്റ് ചാടിക്കടന്നാണ് ദിലീപിന്റെ വീട്ടിന്റെ വരാന്തവരെയെത്തിയത്. യുവാവിനെ കണ്ട ദിലീപിന്റെ സഹോദരീഭർത്താവ് സ്വരാജ് വിവരം തിരക്കിയപ്പോൾ ദിലീപിനെ കാണാൻ വന്നതാണെന്നായിരുന്നു മറുപടി. ഷർട്ട് ധരിച്ചിരുന്നില്ല. വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു. പൊലീസിനെ അറിയിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞുവച്ചു.
ദിലീപിനോടുള്ള ആരാധനമൂത്ത് പിക്കപ്പ് വാനിലാണ് പ്രതിയെത്തിയത്. വാഹനത്തിൽ ഇരുമ്പുപൈപ്പും കണ്ടെത്തി.
ദിലീപ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ്. പ്രതിയെ ജാമ്യംനൽകി വിട്ടയച്ചതായി ആലുവ എസ്.എച്ച്.ഒ വി.എം. കേർസൺ പറഞ്ഞു.