ട്രാവൽസ് ഉടമയെ ആക്രമിച്ച് 75 ലക്ഷം രൂപ കവർന്നു

Sunday 26 October 2025 1:50 AM IST

തൃശൂർ: ട്രാവൽസ് ഉടമയെ ആക്രമിച്ച് മൂന്നംഗ സംഘം 75 ലക്ഷം രൂപയടങ്ങിയ ബാഗ് കവർന്നതായി പരാതി. അറ്റ്‌ലസ് ട്രാവൽസ് ഉടമ എടപ്പാൾ സ്വദേശി മുബാറക്കിന്റെ പണമാണ് കൊള്ളയടിച്ചത്. ഇന്നലെ പുലർച്ചെ നാലരയോടെ മണ്ണുത്തിയിലായിരുന്നു സംഭവം. ബസ് വിറ്റ് കിട്ടിയ പണവുമായി ബംഗളൂരുവിൽ നിന്ന് ബസിൽ വന്നതാണെന്ന് മുബാറക് പറഞ്ഞു. മണ്ണുത്തിയിലുള്ള മെഡിക്കൽ സ്റ്റോറിന്റെ മുമ്പിൽ ബാഗ് വച്ചതിനുശേഷം ടോയ്‌‌ലെറ്റിൽ പോകുന്നതിനും ചായകുടിക്കുന്നതിനായി മാറിയപ്പോഴാണ് ഇന്നോവ കാറിലെത്തിയ ഒരാൾ ബാഗെടുത്ത് പോകുന്നത് കണ്ടത്. ഉടൻ മുബാറക് ഓടിയെത്തി ഇയാളുമായി പിടിവലിയായി ഇതോടെ കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരും ചേർന്ന് മുബാറാക്കിനെ മർദ്ദിച്ച് പണവുമായി ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു. മുബാറാക്കിനെ സഹായിക്കാനെത്തിയ മെഡിക്കൽ സ്‌റ്റോർ ഉടമയ്ക്കും മർദ്ദനമേറ്റു. ഉടൻതന്നെ മണ്ണുത്തി പൊലീസിൽ പരാതി നൽകുകയും എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി മുബാറാക് പിന്തുടരാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മോഷ്ടാക്കളെ കണ്ടെത്തിയില്ല. കാറിന്റെ മുൻഭാഗത്തും പിൻഭാഗത്തും വെവ്വേറെ നമ്പരുകളാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബാഗ് എടുത്തുകൊണ്ടു പോകുന്ന സി.സി ടിവി ദൃശ്യം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.