എസ്.ഡി.എം ഓഫീസിൽനിന്ന് സ്വർണം നഷ്ടപ്പെട്ടെന്ന്

Sunday 26 October 2025 12:03 AM IST

തൃശൂർ: മരിച്ച മകളുടെ എട്ടരപ്പവൻ സ്വർണാഭരണങ്ങൾ തൃശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) ഓഫീസിൽനിന്ന് നഷ്ടപ്പെട്ടെന്ന ആരോപണവുമായി വയോധിക രംഗത്ത്. കാട്ടൂർ തൊപ്പിയിൽ വീട്ടിൽ സുലൈഖയാണ് ആരോപണമുന്നയിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് 2003ലാണ് സുലൈഖയുടെ മകൾ റംല മരിച്ചത്. പോസ്റ്റ്‌മോർട്ടം സമയത്ത് റംലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ എസ.്ഡി.എം ഓഫീസിലേക്ക് മാറ്റി. മക്കൾ പ്രായപൂർത്തിയായതിനു ശേഷം സ്വർണം തിരികെവാങ്ങാൻ എത്തിയപ്പോൾ മുക്കുപണ്ടം നൽകാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് സുലൈഖ പറഞ്ഞു. പിന്നീടാണ് സ്വർണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. ആഭരണങ്ങൾ തിരികെ ലഭിക്കാത്ത പക്ഷം സമരവുമായി രംഗത്തിറങ്ങുമെന്നും സുലൈഖ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയൽവാസി വിൻസെന്റും പങ്കെടുത്തു.