തിരുച്ചെന്തൂരിൽ ശൂരസംഹാരം 27ന് ഒരുക്കങ്ങൾ വിലയിരുത്തി കനിമൊഴി എം.പി

Sunday 26 October 2025 12:40 AM IST

തൂത്തുക്കുടി: തമിഴ്നാട്ടിലെ പ്രശസ്ത മുരുക ക്ഷേത്രങ്ങളിലൊന്നായ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി മഹോത്സവത്തിന്റെ സമാപന ചടങ്ങുകളുടെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ സ്ഥലം എം.പികൂടിയായ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എത്തി.

27ന് ശൂരസംഹാരം, 28ന് തിരു.കല്യാണം എന്നീ ചടങ്ങുകളോടെയും ഉത്സവം സമാപിക്കും. ഈ രണ്ടു നാളുകളിലും കേരളത്തിൽ നിന്നുൾപ്പെടെ വൻഭക്തജന പ്രവാഹം ക്ഷേത്രത്തിലേക്കുണ്ടാകും.

ശൂരസംഹാരം നടക്കുന്ന കടൽത്തീരം, ക്ഷേത്ര പരിസരം, പാർക്കിംഗ് ഏരിയകൾ, നിരീക്ഷണ ഡെക്ക്, ഭക്തർ കാത്തിരിക്കുന്ന സ്ഥലങ്ങൾ എന്നിവ എം.പി നേരിട്ട് പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

പിന്നീട്, മാദ്ധ്യമങ്ങളെ കണ്ട കനിമൊഴി ഒരുക്കിയ സുരക്ഷാ സംവിധാനങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, ഭക്തർക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനായി ഷെഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 250 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ 2 ഡ്രോൺ ക്യാമറകളും ഒരു കൺട്രോൾറൂമും സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യസഹായത്തിനായി 20 ഡോക്ടർമാരും 50 നഴ്സുമാരും പ്രവർത്തിക്കുന്നു. 14 ആംബുലൻസുകൾ പാർക്ക് ചെയ്തിട്ടുണ്ട്.

650 ശുചീകരണ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്, 400 ടോയ്ലറ്റുകൾ നിർമ്മിച്ചിട്ടുണ്ട്, വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന ഭക്തർക്കായി 450 പ്രത്യേക ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുച്ചെന്തൂരിലെ ബസ് സ്റ്റാൻഡിൽ നിന്ന് ക്ഷേത്രത്തിലേക്ക് ഏകദേശം 45 സൗജന്യ ബസുകൾ സർവീസ് നടത്തുന്നു.

കടലിൽ കുളിക്കാൻ പോകുന്ന ഭക്തരുടെ സുരക്ഷയ്ക്കായി നീന്തൽ അറിയുന്ന 80 ഓളം പേരെ നിയമിച്ചിട്ടുണ്ട്. കൂടാതെ, 8 സുരക്ഷാ ബോട്ടുകളും അനുവദിച്ചിട്ടുണ്ട്.- കനിമൊഴി പറഞ്ഞു.