ബീഹാറിൽ അലയടിച്ച് പ്രാദേശിക ഗാനങ്ങൾ

Sunday 26 October 2025 12:44 AM IST

ന്യൂഡൽഹി: ജാതിയും രാഷ്ട്രീയവും ഇഴചേ‌ർന്നു കിടക്കുകയാണ് ബീഹാർ രാഷ്ട്രീയത്തിൽ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രാദേശിക ഗാനങ്ങളും ജാതി അടിസ്ഥാനമാക്കിയുള്ള പാട്ടുകളും റീലുകളും സജീവമാണ്. ഇവ പ്രചാരണത്തിന് അനിവാര്യമാണെന്ന നിലപാടിലാണ് പാർട്ടികൾ. ജാതി സമവാക്യത്തിലൂന്നിയുള്ള വരികൾ വോട്ടർമാർക്ക് കൃത്യമായ സന്ദേശം നൽകുന്നു. തങ്ങളുടെ വിഭാഗത്തിലെ നേതാവിനെ വിജയിപ്പിക്കാൻ വോട്ട് ഏകീകരണമാണ് ലക്ഷ്യം. പ്രാദേശിക ഗായകരുടെ പാട്ടുകൾ തെരുവുകളിലും സമൂഹ മാദ്ധ്യമങ്ങളിലും അലയടിക്കുകയാണ്. ഭോജ്പൂരി രാഷ്ട്രീയ ഗാനങ്ങളും, വീഡിയോകളും സജീവം. ഇൻഫ്ലുവേഴ്സും യുട്യൂബ‌‌ർമാരും കളത്തിലുണ്ട്. ലക്ഷക്കണക്കിനാളുകളാണ് ഇവ കാണുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ജാതി പേജുകളും തുറന്നു. യാദവ വോട്ടുകൾ ഏകീകരിക്കാനാണ് ആർ.ജെ.ഡി അനുകൂല റീലുകൾ. ഭൂമിഹർ ബ്രാഹ്മണർ, കുശ്വാഹ വിഭാഗക്കാരെ ഒപ്പം നിറുത്താനാണ് എൻ.ഡി.എ സമൂഹ മാദ്ധ്യമ വിഭാഗത്തിന്റെ ശ്രമം. നിതീഷ് കുമാർ സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് കുർമി വിഭാഗവും സൈബർ പോരാട്ടത്തിൽ അണിചേർന്നു.

പൊലീസിന്റെ മുന്നറിയിപ്പ്

ഇത്തരത്തിലുള്ള വീഡിയോകൾക്കെതിരെ ബീഹാർ പൊലീസ് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്നും പറയുന്നു. എന്നാൽ, ബീഹാറിലെ രാഷ്ട്രീയ സാഹചര്യത്തിൽ പൊലീസിന് എത്രത്തോളം ഇടപെടാൻ കഴിയുമെന്ന് രാഷ്ട്രീയവിദഗ്ദ്ധർ സംശയമുന്നയിക്കുന്നുണ്ട്.

എ.ഐ ദുരുപയോഗം വേണ്ട

ബീഹാർ തിരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ദുരുപയോഗം തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദ്ദേശങ്ങൾ നൽകി. രാഷ്ട്രീയ നേതാക്കളുടെ വൈകാരികമായ പ്രസംഗങ്ങൾ എ.ഐ വഴി പുനഃസൃഷ്‌ടിക്കുന്നത് അടക്കം തടയാനാണിത്. എ.ഐ വീഡിയോ ആണെങ്കിൽ അക്കാര്യം കൃത്യമായി രേഖപ്പെടുത്തണമെന്ന് പാർട്ടികളോട് കമ്മിഷൻ നിർദ്ദേശിച്ചു.