കരൂർ ദുരന്തബാധിതരെ വിജയ് മഹാബലിപുരത്ത് വച്ച് കാണും

Sunday 26 October 2025 12:45 AM IST

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ ടി.വി.കെ പ്രസിഡന്റ് വിജയ് മഹാബലിപുരത്തു വച്ചുകാണും. അടുത്തയാഴ്ച ഒരു ഹാളിൽ എല്ലാവരേയും എത്തിച്ചശേഷം കാണാനാണ് തീരുമാനം. പാർട്ടി നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. മഹാബലിപുരത്തേക്ക് വരാമെന്ന് ഭൂരിഭാഗം പേരും സമ്മതിച്ചെന്നാണ് സൂചന. ചെന്നൈയിൽ നിന്ന് 57 കിലോമീറ്റർ അകലെയാണ് മഹാബലിപുരം. അതുകൊണ്ടു തന്നെ സുരക്ഷാ പ്രശ്നമില്ലാതെ വിജയ്‌ക്ക് അവിടേക്ക് എത്താൻ കഴിയും. കരൂരിൽ ടി.വി.കെയ്ക്ക് ഹാൾ ലഭിക്കാത്തതുകൊണ്ടാണ് അവിടെ പരിപാടി സംഘടിപ്പിക്കാനാകാത്തത് എന്നാണ് നേതാക്കളുടെ വിശദീകരണം.

17ന് കരൂരിലെത്തി കുടുംബാംഗങ്ങളെ കാണാനായിരുന്നു ടി.വി.കെയുടെ പദ്ധതി. അത് നടന്നില്ല. കരൂർ ദുരന്തത്തിനുശേഷം വിജയ് മറ്റ് പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നിലച്ചമട്ടാണ്. ഈ സ്ഥിതി തുടർന്നാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് സംസ്ഥാന നേതാക്കൾ വിജയ്‌യെ അറിയിച്ചിരുന്നു. കരൂരിലേക്ക് വിജയ് പോകാത്തതിനെ പരിഹസിച്ചുകൊണ്ട് ‌ഡി.എം.കെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കും. സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകും.