കുർണൂൽ ബസ് അപകടം, പൊട്ടിത്തെറിച്ചത് 234 ഫോണുകൾ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് ദുരന്തത്തിൽ നിർണായക കണ്ടെത്തൽ. അപകടത്തിൽപ്പെട്ട ബസിൽ 234 സ്മാർട്ട്‌ഫോണുകളടങ്ങിയ ലഗേജുണ്ടായിരുന്നെന്നും ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിച്ചത് ദുരന്തവ്യാപ്തി വർദ്ധിപ്പിച്ചെന്നും
ഫോറൻസിക് വിദഗ്ദ്ധർ വ്യക്തമാക്കി. ഹൈദരാബാദിൽനിന്ന് ബംഗളൂരുവിലെ ഫ്ളിപ്കാർട്ട് ഗോഡൗണിലേക്ക് അയച്ച 46 ലക്ഷം രൂപ വിലവരുന്ന ഫോണുകളായിരുന്നു ഇവ. ഇന്ധന ചോർച്ചയാണ് തീപിടിത്തത്തിന്റെ പ്രധാന കാരണമെന്നും എന്നാൽ സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിച്ചതും എ.സി സംവിധാനത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ ബാട്ടറികൾ പൊട്ടിത്തെറിച്ചതും ആഘാതം വർദ്ധിപ്പിച്ചതായും ആന്ധ്രാപ്രദേശ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി. വെങ്കട്ടരാമൻ അറിയിച്ചു. ചൂടിന്റെ കാഠിന്യത്താൽ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ ഉരുകിപ്പോയി.
ബസ് നിർമ്മാണത്തിലെ അപാകതയും വെങ്കട്ടരാമൻ ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളികളാണ് ഉപയോഗിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ദുരന്തം. അശ്രദ്ധമായി ഓടിച്ചുവന്ന ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ബസിനടിയിൽ കുടുങ്ങി ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു. റോഡുമായി ഉരസിയപ്പോഴുണ്ടായ തീപ്പൊരിയും കാരണം ബസിന്റെ മുൻഭാഗത്ത് തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. ദുരന്തത്തിൽ 20 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രണ്ട് ഡ്രൈവർമാരടക്കം 42 പേരായിരുന്നു ബസിലുണ്ടായിരുന്നത്. യാത്രക്കാർ ഉറക്കത്തിലായതിനാലാണ് മരണനിരക്ക് ഉയർന്നത്. മിക്കവരും ദീപാവലി അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുന്നവരായിരുന്നു.
മദ്യപാനം, അശ്രദ്ധ
അപകടമുണ്ടാക്കിയ ബൈക്ക് യാത്രികൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടത്തിന് തൊട്ടുമുമ്പുള്ള ഇയാളുടെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കോടിച്ചിരുന്ന യുവാവും മറ്റൊരാളും ഒരു പെട്രോൾ പമ്പിലെത്തിയിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു. പമ്പിൽ അല്പസമയം ചെലവഴിച്ചശേഷം ഇയാൾ ബൈക്കുമായി പോയി. ഇതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി വീഴാൻ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. രക്ഷപ്പെട്ട ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസ് അമിത വേഗതയിലായിരുന്നെന്നും അശ്രദ്ധമായി ഓടിച്ചെന്നും മൊഴിയിൽ പറയുന്നു. അതിനിടെ ഡ്രൈവർമാരിലൊരാൾ മൊഴി മാറ്റിയതായാണ് റിപ്പോർട്ട്. കനത്ത മഴയിൽ ദൃശ്യപരത കുറഞ്ഞതിനാൽ ബസ് ബൈക്കിൽ ഇടിച്ചതാണെന്നായിരുന്നു ഡ്രൈവർമാരിലൊരാളായ ശിവ നാരായണ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ മറ്റേതോ അപകടത്തിൽപ്പെട്ട് ബൈക്കും യാത്രികനും റോഡിൽ കിടക്കുകയായിരുന്നെന്നും മറ്റൊരു ഡ്രൈവറായ ലക്ഷ്മയ്യ അറിയാതെ അവരുടെ മുകളിലൂടെ ബസ് കയറ്റുകയായിരുന്നെന്നുമാണ് ഇപ്പോഴത്തെ മൊഴി.
നിലവിളിച്ച് ബന്ധുക്കൾ
കത്തിക്കരിഞ്ഞുപോയ പ്രിയപ്പെട്ടവരെ ഓർത്ത് നിലവിളിക്കുകയാണ് ബന്ധുക്കൾ. മരിച്ചവരിലേറെയും ടെക്കികളായ യുവാക്കൾ. ബസിൽ കയറ്റിവിട്ട് മണിക്കൂറുകൾക്കകം മകളുടെ മരണവാർത്ത കേട്ട് ഓടിയെത്തിയതാണ് ബംഗളൂരുവിലെ ഐ.ടി കമ്പനിയിൽ ജോലിചെയ്തിരുന്ന അനുഷയുടെ (23)മാതാപിതാക്കൾ. ദീപാവലി അവധി കഴിഞ്ഞ് മടങ്ങിയതാണ്. ക്യാമ്പസ് പ്ലേസ്‌മെന്റിലാണ് ജോലി ലഭിച്ചത്. ആ ജോലി ലഭിച്ചിരുന്നില്ലെങ്കിൽ എത്ര നന്നായേനേ. അവധി നീട്ടാൻ പറഞ്ഞതാണ് പക്ഷേ.. -അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
അഞ്ചുമാസം മുൻപ് ബംഗളൂരുവിൽ ജോലിയിൽ പ്രവേശിച്ച ഗൗതം ഇനിയില്ല. താൻ ഇനി എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് ഗൗതമിന്റെ അമ്മ പൊട്ടിക്കരഞ്ഞു.