ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെ അതിക്രമം: പ്രതി അറസ്റ്റിൽ

Sunday 26 October 2025 12:55 AM IST

ന്യൂഡൽഹി: ഐ.സി.സി വനിതാ ലോകകപ്പിനെത്തിയ രണ്ട് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ അതിക്രമം. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. അക്വീൽ ഖാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് സംഘം താമസിക്കുന്ന റാഡിസൻ ബ്ലൂ ഹോട്ടലിൽ നിന്ന് അടുത്തുള്ള കഫേയിലേക്ക് നടന്നു പോവുകയായിരുന്ന താരങ്ങളെ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഖജ്രാന റോഡിൽ വച്ചാണ് സംഭവം. താരങ്ങൾ ഓസ്‌ട്രേലിയൻ ടീമിന്റെ സുരക്ഷാ മാനേജർ ഡാനി സൈമൺസിനെ വിവരമറിയിക്കുകയും അദ്ദേഹം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിക്രമത്തിന് ഇരയായ രണ്ട് താരങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.