തായ്‌ലൻഡ് മുൻ രാജ്ഞി സിരികിത് അന്തരിച്ചു
ബാങ്കോക്ക് : തായ്‌ലൻഡ് മുൻ രാജ്ഞി സിരികിത് (93) അന്തരിച്ചു. 1946 മുതൽ 2016 ഒക്ടോബറിൽ മരണം വരെ തായ്‌ലൻഡിന്റെ രാജാവായിരുന്ന ഭൂമിബോൽ അതുല്യതേജിന്റെ പത്നിയാണ്. നിലവിലെ രാജാവായ മഹാ വജിറലോംഗ്കോൺ ഇവരുടെ മകനാണ്. 1976 മുതൽ സിരികിതിന്റെ ജന്മദിനമായ ആഗസ്റ്റ് 12 തായ്‌ലൻഡിൽ മാതൃദിനമായി ആഘോഷിക്കുന്നു. ദേശീയ അവധിദിനം കൂടിയാണിത്. 2012ൽ പക്ഷാഘാതം ഉണ്ടായതിന് ശേഷം പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷമായ സിരികിത് 2019 മുതൽ ആശുപത്രിയിലാണ് കഴിഞ്ഞത്. ഈ മാസം 17ന് രക്തത്തിൽ അണുബാധയുണ്ടായതോടെ ആരോഗ്യനില മോശമായി. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്ന് തായ് രാജകുടുംബ പ്രതിനിധി അറിയിച്ചു. രാജകുടുംബത്തിൽ ഒരു വർഷത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് മലേഷ്യയിലെ ക്വാലാലംപൂരിൽ തുടങ്ങുന്ന ആസിയാൻ ഉച്ചകോടിയിൽ താൻ പങ്കെടുക്കില്ലെന്ന് തായ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ അറിയിച്ചു. എന്നാൽ കംബോഡിയയുമായുള്ള വെടിനിറുത്തൽ കരാറിൽ ഒപ്പിടാൻ അദ്ദേഹം ഇന്ന് മലേഷ്യയിലെത്തും. ഉടൻ തന്നെ മടങ്ങും. വജിറലോംഗ്കോണിനെ കൂടാതെ മൂന്ന് പെൺമക്കൾ കൂടി ഭൂമിബോൽ - സിരികിത് ദമ്പതികൾക്കുണ്ട്. 1950ലാണ് ഇവർ വിവാഹിതരായത്.
# സ്റ്റൈൽ ഐക്കൺ
സിരികിത് തായ്‌ലൻഡിലെ സ്റ്റൈൽ ഐക്കണായി അറിയപ്പെട്ടു
ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു
1932ൽ ബാങ്കോക്കിലെ സമ്പന്ന പ്രഭു കുടുംബത്തിൽ ജനനം
പിതാവ് ഫ്രാൻസിലെ തായ് അംബാസഡറായിരുന്നു
വിദേശ ഫാഷൻ ബ്രാൻഡുകളുമായി ചേർന്ന് തായ് സിൽക്കിന് പ്രചാരമേകി
തായ് ഗ്രാമങ്ങളിലെ വികസന പദ്ധതികൾ പ്രോത്സാഹിപ്പിച്ചു