നിർമ്മിച്ചത് 2015ൽ, റിലീസ് 2115ൽ !

Sunday 26 October 2025 7:47 AM IST

പാരീസ്: സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായാൽ അധികം വൈകാതെ റിലീസ് നടത്താനാണ് അണിയറ പ്രവർത്തകർ ആഗ്രഹിക്കുക. എന്നാൽ ഷൂട്ടിംഗ് പൂർത്തിയാക്കി 100 വർഷം കഴിഞ്ഞാണ് സിനിമയുടെ റിലീസെങ്കിലോ ?

വിചിത്രമായി തോന്നാമെങ്കിലും ഇങ്ങനെയൊരു ആശയം ഫ്രാൻസിൽ നടപ്പാക്കി കഴിഞ്ഞു.2015ൽ ഷൂട്ട് ചെയ്ത '100 ഇയേഴ്സ്" എന്ന സിനിമ. പേരുപോലെ കൃത്യം നൂറു വർഷം കഴിഞ്ഞ്, അതായത് 2115 നവംബർ 18നാണ് സിനിമ റിലീസ് ചെയ്യുക. സംവിധായകനോ അഭിനേതാക്കളോ ഒന്നും അന്ന് ഈ സിനിമ കാണാനാകില്ല.റോബർട്ട് റൊഡ്രിഗ്വെസ് സംവിധാനം ചെയ്ത്, ജോൺ മാൽകോവിച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ പ്രിന്റ് ഫ്രാൻസിലെ ഒരു ഹൈടെക് ബുള്ളറ്റ് പ്രൂഫ് ലോക്കറിൽ ടൈം സെറ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ലോക്കർ കൃത്യം 2115ൽ ഓട്ടോമാറ്റിക്കായി തുറക്കും.

ലോക പ്രശസ്ത ആഡംബര കൊന്യാക് ബ്രാൻഡായ ലൂയി പതിമൂന്നിന് ( Louis XIII ) വേണ്ടിയാണ് സിനിമ നിർമ്മിച്ചിട്ടുള്ളത്. 100 വർഷം എടുത്താണ് ലൂയി പതിമൂന്ന് കൊന്യാകിന്റെ അന്തിമ മിശ്രിതം തയ്യാറാക്കുന്നത്. ഈ സവിശേഷത പ്രതിഫലിപ്പിക്കുന്ന വേറിട്ട പ്രമോഷൻ സംരംഭമാണ് '100 ഇയേഴ്സ്". സിനിമയുടെ കഥയോ മറ്റ് വിവരങ്ങളോ ആർക്കുമറിയില്ല. മൂന്ന് ടീസറുകൾ പുറത്തുവിട്ടെങ്കിലും യഥാർത്ഥ കഥ മറ്റൊന്നാണ്. ചിത്രത്തിന്റെ പ്രീമിയറിനായി 1,000 ലോഹ ടിക്കറ്റുകളും പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സെലിബ്രിറ്റികൾക്കും ആർട്ടിസ്റ്റുകൾക്കും അവ നൽകി. അവരുടെ വരും തലമുറയിൽപ്പെട്ടവർ സിനിമ കാണുമെന്നാണ് പ്രതീക്ഷ.