കൊളംബിയൻ പ്രസിഡന്റിന് യു.എസ് ഉപരോധം
വാഷിംഗ്ടൺ: കൊളംബിയയുടെ പ്രസിഡന്റ് ഗുസ്‌താവോ പെട്രോയ്ക്ക് മേൽ ഉപരോധം ചുമത്തി യു.എസ്. കൊളംബിയയിൽ നിന്ന് യു.എസിലേക്കുള്ള അനധികൃത മയക്കുമരുന്ന് കടത്ത് വ്യാപിപ്പിക്കാൻ പെട്രോ അനുവദിക്കുന്നെന്ന് കാട്ടിയാണ് നടപടി. യു.എസിലേക്കുള്ള കൊക്കെയ്ൻ ഒഴുക്ക് തടയാൻ പെട്രോ പരാജയപ്പെടുന്നെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി.
അതേസമയം, യു.എസിന്റെ വാദങ്ങളെ പെട്രോ തള്ളി. തന്റെ ഭരണകൂടം വൻതോതിൽ കൊക്കെയ്ൻ പിടിച്ചെടുത്തിട്ടുണ്ടെന്നും മയക്കുമരുന്ന് കടത്തിന്റെ വ്യാപനം മന്ദഗതിയിലാക്കിയെന്നും പെട്രോ അവകാശപ്പെട്ടു. പെട്രോയ്ക്ക് പുറമേ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, കൊളംബിയൻ ആഭ്യന്തര മന്ത്രി അർമാൻഡോ ബെനഡെറ്റി എന്നിവർക്കും ഉപരോധങ്ങൾ ചുമത്തി. മയക്കുമരുന്ന് കടത്തിന്റെ പേരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രംപും പെട്രോയും പരസ്പരം ഏറ്റുമുട്ടിയിരുന്നു.
കഴിഞ്ഞ മാസം ന്യൂയോർക്കിൽ പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്ത പിന്നാലെ പെട്രോയുടെ വിസ യു.എസ് റദ്ദാക്കിയിരുന്നു. റാലിക്കിടെ, ട്രംപിന്റെ ഉത്തരവുകൾ ധിക്കരിക്കണമെന്ന് അമേരിക്കൻ സൈനികരോട് പെട്രോ ആഹ്വാനം ചെയ്തതാണ് കാരണം. യു.എൻ ജനറൽ അസംബ്ലിയുടെ ഭാഗമായാണ് പെട്രോ അന്ന് ന്യൂയോർക്കിലെത്തിയത്.