അഞ്ച് കുട്ടികൾക്ക് എച്ച്ഐവി: രക്തം സ്വീകരിച്ച ശേഷമെന്ന് ആരോപണം, അന്വേഷണം ഊർജിതമാക്കി ആരോഗ്യ വകുപ്പ്

Sunday 26 October 2025 10:07 AM IST

ന്യൂഡൽഹി: തലാസീമിയ രോഗബാധിതരായ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധ സ്ഥരീകരിച്ചതായി റിപ്പോർ‌‌ട്ട്. ജാർഖണ്ഡിലെ ഛൈബാസയിലാണ് സംഭവം. ജില്ലയിലെ രക്തബാങ്കിൽ നിന്ന് മലിനമായ രക്തം സ്വീകരിച്ചതാണ് ഇതിന് കാരണമെന്ന് പറയുന്നു. ഏഴുവയസുകാരന് പ്രാദേശിക രക്തബാങ്കിൽ നിന്ന് എച്ച്ഐവി ബാധിച്ച രക്തം നൽകിയെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ശനിയാഴ്ച റാഞ്ചിയിൽ നിന്നുള്ള മെഡിക്കൽ സംഘം നടത്തിയ അന്വേഷണത്തിൽ തലാസീമിയ ബാധിച്ച നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം അഞ്ചായി.

കുട്ടിക്ക് രക്തബാങ്കിൽ നിന്ന് ഏകദേശം 25 യൂണിറ്റ് രക്തം സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പാണ് ഏഴുവയസുകാരന് എച്ച്ഐവി പോസിറ്റീവായതെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജി പറഞ്ഞു. എങ്കിലും, മലിനമായ സൂചികൾ അടക്കമുള്ള മറ്റ് കാരണങ്ങളാലും എച്ച്ഐവി അണുബാധ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സദർ ഹോസ്പിറ്റലിലെ രക്തബാങ്കിലും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലും പരിശോധന നടത്തിയ ശേഷം ചികിത്സയിലുള്ള കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ തലാസീമിയ രോഗികൾക്ക് രോഗബാധിതമായ രക്തം തന്നെയാവാം നൽകിയതെന്നാണ് സൂചന. പരിശോധനയ്ക്കിടെ രക്തബാങ്കിൽ ചില ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അവ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ പശ്ചിമ സിംഗ്ഭൂം ജില്ലയിൽ 515 എച്ച്ഐവി പോസിറ്റീവ് കേസുകളും 56 തലാസീമിയ രോഗികളുമാണ് ഉള്ളത്.

രക്തം വഴി കൈമാറുന്ന ജനിതക രോഗമാണ് തലാസീമിയ . മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ജനിതക മാറ്റങ്ങളിലൂടെ പകരുന്ന രോഗമാണിത്. ഹീമോഗ്ലോബിൻ ഉണ്ടാക്കുന്ന പ്രോട്ടീൻ ശൃംഖലകളെ സഹായിക്കുന്ന ജീനുകളിൽ ഉണ്ടാകുന്ന തകരാറുകളാണ് ഇതിന് കാരണം. ക്ഷീണം, ബലഹീനത, കിതപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗത്തിന്റെ തീവ്രത അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.