ഇതുവരെ കണ്ടുമുട്ടാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ട്; ഉർവശിക്ക് സ്നേഹ ചുംബനവുമായി ശോഭന

Sunday 26 October 2025 2:28 PM IST

മലയാളികളുടെ മനസിൽ എന്നും പ്രത്യേക സ്ഥാനമുള്ള നടിമാരാണ് ശോഭനയും ഉർവശിയും. ശ്രദ്ധേയമായ ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് ഇരുവരും പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. മികച്ച നടിമാർക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡുകളും ഇരുവരും മലയാള സിനിമയ്ക്കായി സമ്മാനിച്ചിട്ടുണ്ട്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് രണ്ടു പേരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. 2020-ൽ പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് ശോഭനയും ഉർവശിയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

ഇപ്പോഴിതാ കൊച്ചി വിമാനത്താവളത്തിൽ വച്ച് ഉർവശിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി ശോഭന. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ശോഭന ഉർവശിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഉർവശിക്ക് സ്നേഹചുംബനം നൽകുന്ന ശോഭനയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും ശോഭന പങ്കുവച്ചു.

'കൊച്ചിയിലേക്ക് ഇത്രയുമധികം വിമാനയാത്രകൾ നടത്തിയിട്ടും എന്തുകൊണ്ടാണ് ഉർവശി ജിയെ ഇതുവരെ കണ്ടുമുട്ടാതിരുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. അവൾ ഇപ്പോഴും എനിക്കറിയാവുന്ന അതേ തമാശക്കാരിയായ 'പൊടി' തന്നെയാണ്,' ശോഭന കുറിച്ചു. മൊബൈലിൽ പരസ്പരം നമ്പർ സേവ് ചെയ്യാൻ ശ്രമിച്ച നിമിഷങ്ങളെക്കുറിച്ചും ശോഭന ഓർത്തെടുത്തു. 'അവൾക്കും ഇതൊരു വൈകാരിക നിമിഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവൾ ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്', ശോഭന കൂട്ടിച്ചേർത്തു.

മലയാള സിനിമയുടെ രണ്ട് കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന താരങ്ങളെ ഒരേ ഫ്രെയിമിൽ കാണുന്നതിൽ ആരാധകർക്ക് സന്തോഷമുണ്ട്. ഇതാണ് നമ്മൾ ആഗ്രഹിച്ച ഫ്രെയിം എന്നും ഇവരാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളെന്നും പലരും കമന്റ് ചെയ്തു. ഇവർ രണ്ടുപേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ കഴിയില്ലെന്നും ആരാധകർ കമന്റ് ചെയ്തു. ഇരുവരും തങ്ങളുടെ സൗഹൃദം പങ്കിടുന്ന മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.