'വിധവയായുളള ജീവിതം എളുപ്പമല്ല, സമൂഹത്തെ പേടിച്ചായിരുന്നു ജീവിച്ചിരുന്നത്'; മോശം അനുഭവങ്ങൾ ഉണ്ടായെന്ന് ഇന്ദുലേഖ
കഴിഞ്ഞ 33 വർഷമായി സിനിമ- സീരിയൽ അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന നടിയാണ് ഇന്ദുലേഖ. ഭർത്താവ് മരിച്ചതോടെ സമൂഹത്തിൽ നിന്ന് പലതരത്തിലുളള കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇന്ദുലേഖ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. നടിയുടെ ഭർത്താവ് ശങ്കരൻകുട്ടി ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മരിച്ചത്. അതിനുശേഷം ഇന്ദുലേഖ തന്റെ ജീവിതം മകൾക്കായി മാറ്റിവയ്ക്കുകയായിരുന്നു.
നടിയുടെ വാക്കുകൾ
ഞാൻ ഒരു പരിധി വരെ സമൂഹത്തെ പേടിക്കുന്നുണ്ട്. എന്റെ ഭർത്താവ് മരിച്ച സമയത്തും സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് പേടിയായിരുന്നു. അന്ന് മകളും കുഞ്ഞായിരുന്നു. പുറത്തിറങ്ങുമ്പോൾ ഓരോരുത്തരും എന്നെക്കുറിച്ച് പലതും പറയാറുണ്ട്. അതുകൊണ്ട് എല്ലാം ശ്രദ്ധിച്ചായിരുന്നു ചെയ്തിരുന്നത്. പിന്നീട് ചില കാര്യങ്ങൾ മനസിലായി. സമൂഹത്തെ പേടിച്ച് ഒതുങ്ങി ഇരിക്കേണ്ട ആവശ്യമില്ല. നമുടെ രീതിയിൽ പോയാലേ ജീവിതം മുന്നോട്ടുപോകുളളൂ.
വിധവയായുളള ജീവിതം എളുപ്പമുളള കാര്യമല്ല. ചില കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. മാറിയിരുന്ന് കരഞ്ഞ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. ഇപ്പോൾ പല കാര്യങ്ങൾ കേൾക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കും. ഇപ്പോഴും പഴയരീതിയിൽ ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. വിദ്യാഭ്യാസവും വിവരവുമുളള ആളുകളാണ് പഴയ രീതിയിൽ സംസാരിക്കുന്നത്. എനിക്ക് നന്നായി അറിയുന്നവരിൽ നിന്നാണ് മോശം അനുഭവങ്ങൾ കൂടുതലും ഉണ്ടായിട്ടുളളത്. അങ്ങനെയുളളവരാണ് എന്നെ കൂടുതൽ ഉപദ്രവിച്ചിട്ടുളളത്. അതിനുശേഷം ഞാൻ അധികം ആളുകളുമായി വലിയ സൗഹൃദം വയ്ക്കാറില്ല. സിനിമയിലും സീരിയലുകളിലും അവസരം കിട്ടണമെങ്കിൽ പല അഡ്ജസ്റ്റ്മെന്റുകളും ചെയ്യണമെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. എല്ലാവരും അങ്ങനെയല്ല. ഏത് രീതിയിൽ മുന്നോട്ടുപോകണമെന്നുളളത് നമ്മളാണ് തീരുമാനിക്കുന്നത്. അഭിനയരംഗത്ത് അടുത്ത സുഹൃത്തുക്കളായി ആരുമില്ല.