ബലൂചിസ്ഥാൻ പരാമർശം; സൽമാൻ ഖാനെ ഭീകരനെന്ന് ആരോപിച്ച് പാകിസ്ഥാൻ

Sunday 26 October 2025 4:51 PM IST

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാൻ നടത്തിയ ബലൂചിസ്ഥാൻ പരാമർശം പാകിസ്ഥാനിൽ ഉണ്ടാക്കിയത് വലിയ പ്രകോപനം. അടുത്തിടെ നടന്ന ജോയ് ഫോറം 2025-ൽ സൗദി അറേബ്യയിലെ സിനിമകളുടെ വിജയസാദ്ധ്യതയെക്കുറിച്ച് സംസാരിക്കവെയാണ് താരം വിവാദ പരാമർശം നടത്തിയത്. തുടർന്ന് നടനെ പാകിസ്ഥാൻ തങ്ങളുടെ ഭീകരവിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാനും ആമിർ ഖാനുമൊത്ത് റിയാദിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സിനിമയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്റെ ഭീകരവിരുദ്ധ നിയമ പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ താരത്തെ ഭീകരവാദ ബന്ധമുള്ള വ്യക്തികളുടെ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബലൂചിസ്ഥാൻ ഹോം ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ അറിയിപ്പിൽ അദ്ദേഹത്തെ 'ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ' എന്ന് വിശേഷിപ്പിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പട്ടികയിൽ ഉൾപ്പെടുന്നതോടെ താരത്തിന് കർശനമായ നിരീക്ഷണവും യാത്രാനിയന്ത്രണങ്ങളും പാകിസ്ഥാനിൽ നേരിടേണ്ടിവരും.

'ഒരു ഹിന്ദി സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്താൽ അത് സൂപ്പർ ഹിറ്റാകും. എന്നാൽ തമിഴ്, തെലുങ്ക്, മലയാളം സിനിമ ഉണ്ടാക്കുകയാണെങ്കിൽ, അത് കോടികൾ നേടും. കാരണം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇവിടെയുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുമുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു'. സൽമാൻ ഖാൻ പറഞ്ഞു. താരത്തിന്റെ പരാമർശത്തിൽ പാകിസ്ഥാനെയും ബലൂചിസ്ഥാനെയും പ്രത്യേകം പരാമർശിച്ചതാണ് പാക് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയായി പാകിസ്ഥാൻ അധികൃതർ വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.

അതേസമയം, സൽമാൻ ഖാന്റെ പരാമർശം ബലൂച് വിഘടനവാദി നേതാക്കൾക്കിടയിൽ പ്രശംസ നേടിയിട്ടുണ്ട്. സൽമാന്റെ വാക്കുകൾ അവരുടെ സ്വാതന്ത്ര്യ സമരത്തിനുള്ള അംഗീകാരമായിട്ടാണ് കാണുന്നത്. ബലൂച് സ്വാതന്ത്ര്യവാദികളുടെ പ്രധാന വക്താവായ മിർ യാർ ബലൂച്, താരത്തിന്റെ വാക്കുകൾ ആറ് കോടി ബലൂച് ജനതയ്ക്ക് സന്തോഷം നൽകിയെന്നും പ്രസ്താവിച്ചു. ഇതുവരെ വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് സൽമാൻ ഖാൻ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. 'സിക്കന്ദർ' എന്ന ചിത്രത്തിന് ശേഷം അടുത്തതായി 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന സിനിമയുടെ പണിപ്പുരയിലാണ് താരം.