ഹനീഫ് അദേനി ചിത്രത്തിൽ വീണ്ടും മമ്മൂട്ടി ?
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി വീണ്ടും എത്തുന്നു എന്ന് വിവരം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് നിർമ്മാണം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഏറ്റവും വലിയ പ്രോജക്ട് ആയാണ് മമ്മൂട്ടി ചിത്രം ഒരുങ്ങുന്നത്. അതേസമയം മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലൂടെയാണ് ഹനീഫ് അദേനി സംവിധായകനാവുന്നത്. മമ്മൂട്ടി നായകനായി ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. മമ്മൂട്ടി അധോലോക നായകനായി വിനോദ് വിജയന്റെ സംവിധാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിക്കാൻ നിശ്ചയിച്ച അമീർ എന്ന
ചിത്രത്തിന് ഹനീഫ് അദേനി തിരക്കഥ എഴുതാൻ പ്ളാൻ ചെയ്തിരുന്നെങ്കിലും ആ പ്രോജക്ട് നടന്നില്ല. അമിർ ആണോ പുതിയ പ്രോജക്ട് എന്നും ചർച്ചകൾ ഉയരുന്നുണ്ട്. ബ്ളോക്ക് ബസ്റ്റർ ചിത്രം മാർക്കോ ആണ് ഹനീഫ് അദേനിയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ഉണ്ണി മുകുന്ദൻ ടൈറ്റിൽ ക്യാരക്ടർ അവതരിപ്പിച്ച ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച ആദ്യ ചിത്രം ആണ്.
ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ ആണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രം. കാട്ടാളന്റെ ചിത്രീകരണം വാഗമണ്ണിൽ പുരോഗമിക്കുന്നു.