അവൾ എന്നും പ്രിയപ്പെട്ടവൾ, മലൈകയ്ക്ക് ആശംസകളുമായി അർജുൻ കപൂർ

Monday 27 October 2025 6:00 AM IST

ബോളിവുഡ് താരം മലൈക അറോറയുടെ ജന്മദിനത്തിൽ മുൻ കാമുകൻ അർജുൻ കപൂർ പങ്കുവച്ച ആശംസാ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ.

ജന്മദിനാശംസകൾ മലൈക. ഉയർന്നുപറക്കൂ. പുഞ്ചിരിച്ചുകൊണ്ടിരിക്കൂ. എപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുക എന്നാണ് അർജുൻ കുറിച്ചത്.

ബോളിവുഡിൽ ഏറെ കോലാഹലം സൃഷ്ടിച്ച പ്രണയങ്ങളിൽ ഒന്നായിരുന്നു മലൈക - അർജുൻ കപൂർ ബന്ധം. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. നിർമ്മാതാവ് ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോന ഷൂരി കപൂറിന്റെയും മകനാണ് അർജുൻ. 51 കാരിയായ മലൈകയും 39 കാരനായ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യനാളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.എന്നാൽ എല്ലാ കോളിളക്കത്തെയും മറികടന്ന് ഇരുവരും ഡേറ്റിംഗ് തുടരുകയായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും ബ്രേക്കപ്പ് ആവുകയും ചെയ്തു. 1998 ൽ ആണ് മലൈകയും അർബാസും വിവാഹിതരായത്. ഇൗ ബന്ധത്തിൽ അർഹാൻ എന്ന മകനുണ്ട്. 2017 ൽ അർബാസ് ഖാനും മലൈകയും വിവാഹമോചനം നേടി. 2018 ൽ മലൈകയും അർജുനും ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തു. പിറ്റേവർഷം ജൂൺ 20ന് ഇരുവരും തങ്ങളുടെ പ്രണയം പുറംലോകത്തെ അറിയിക്കുകയും ചെയ്തു.തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് സിംഗിൾ എന്ന് അർജുൻ കപൂർ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രേക്കപ്പായി എന്ന് സ്ഥിരീകരണം ഉണ്ടായി.