തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനം നാളെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ സാദ്ധ്യത

Sunday 26 October 2025 7:01 PM IST

ന്യൂഡൽഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നുാളെ വൈകിട്ട് വാർത്താസമ്മേളനം വിളിച്ചു. രാജ്യ വ്യാപകമായി നടപ്പാക്കുന്ന വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ ഷെഡ്യൂൾ നാളത്തെ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കും. വൈകിട്ട് 4.15ന് വാർത്താ സമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തിൽ എസ്.ഐ.ആർ നടപ്പാക്കുകയെന്നാണ് സൂചന. കേരളം, തമിഴ്നാട്,​ പുതുച്ചേരി,​ പശ്ചിമ ബംഗാൾ,​ അസം തുടങ്ങി 10 സംസ്ഥാനങ്ങൾ ആദ്യഘട്ട എസ്.ഐ.ആറിൽ ഉൾപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ട്.

രാജ്യത്ത് എസ്.ഐ.ആർ നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും തയ്യാറെടുപ്പ് . കഴിഞ്ഞ ദിവസങ്ങളിൽ ന്യൂഡൽഹിയിൽ നടന്ന രണ്ട് ദിവസത്തെ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ (സി.ഇ.ഒ)​ സമ്മേളനത്തിൽ ബീഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആധാർ,​ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്ന മറ്റ് 11 രേഖകൾ ഹാജരാക്കേണ്ടി വരും.