നിർമ്മാണ മേഖലയിൽ പ്രതിസന്ധി..... ജി.എസ്.ടി ഇളവും താങ്ങാവുന്നില്ല

Monday 27 October 2025 12:21 AM IST

കോട്ടയം : ജി.എസ്.ടിയിൽ ഇളവ് വന്നിട്ടും നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒഴിയുന്നില്ല. സിമന്റും, സ്റ്റീലും ഒഴികെ മറ്റ് സാധന സാമഗ്രികളുടെ വിലയിൽ കുറവ് വന്നിട്ടില്ല. പി.വി.സി , വയർ സാമഗ്രികൾ, പെയിന്റ്, ടൈൽ തുടങ്ങിയവയുടെ വിലയിൽ മാറ്റമില്ല. മുഴുവൻ തുകയും കണ്ടെത്തിയതിന് ശേഷം നിർമ്മാണം ആരംഭിച്ചവർക്ക് പോലും അടിതെറ്റുകയാണ്. കരാർ എടുത്തവരും പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്നു. പുതിയ നിർമ്മാണ ജോലികൾ ആരംഭിക്കാനും സാധിക്കുന്നില്ലെന്ന് കരാറുകാർ പറയുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലയിലെ മിക്ക ക്രഷറുകളുടെയും പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. കൂത്താട്ടുകുളത്ത് നിന്നാണ് ജില്ലയിലേക്ക് ആവശ്യമായ എം.സാൻഡും, ടി.സാൻഡും കഞ്ഞിക്കുഴി, ഏറ്റുമാനൂർ, ഗാന്ധിനഗർ, കുമാരനല്ലൂർ, ചെങ്ങളം യാർഡുകളിലേക്കെത്തിക്കുന്നത്. പല വാഹനങ്ങളും കൂത്താട്ടുകുളത്തെ ക്വാറിയിലേക്ക് എത്തിച്ചേരാത്തതിനാൽ ലോഡ് എടുക്കുന്നത് ഇരട്ടി ചെലവിനും ഇടയാക്കുന്നു. തോന്നുംപടിയാണ് ചാർജ് ഈടാക്കുന്നത്. പാറപ്പൊടി ഉപയോഗവും കുറഞ്ഞു. ഹോളോബ്രിക്‌സ് കട്ടയിൽ നിന്ന് ഭൂരിഭാഗവും സോളിഡ് കട്ടയിലേക്ക് മാറി.

പാതിവഴിയിൽ ലൈഫും

ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വിലവർദ്ധനവ് പ്രതികൂലമായി ബാധിച്ചു. നാല് ലക്ഷം രൂപയാണ് പദ്ധതി വഴി നൽകുന്നത്. 12 ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ്. തൊഴിലാളികുടെ കൂലിയിലും വർദ്ധനവുണ്ടായി. രണ്ട് വർഷം മുമ്പ് 800 രൂപയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ ജോലികളും സ്തംഭിച്ചു. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാരും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. സ്വകാര്യ മേഖലയിലെ ഫ്ലാറ്റ്, വില്ല പദ്ധതികളും പ്രതിസന്ധിയിലാണ്.

വില ഇങ്ങനെ സിമന്റ് (50 കിലോ) : 330 എം സാൻഡ് (ഒരുഅടി) : 68 പി സാൻഡ് (ഒരുഅടി) : 73 സിമന്റ് ബ്രിക്‌സ് : 40,43 ചുടുകട്ട: 10,12 (ഒരു കല്ല്) സിമന്റ് കട്ട : 90

കരിങ്കല്ല് : 2500 (150 അടി)

''40 ശതമാനത്തോളം കൺസ്ട്രക്ഷൻ നടക്കുന്നില്ല. മുൻപൊക്കെ ആറും ഏഴും സൈറ്റുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ രണ്ടായി കുറഞ്ഞു. മേഖലയെ സംരക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. (കെ.സന്തോഷ് കുമാർ, ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് )