തുലാവർഷമെത്തി കൂടെ വൈറൽ പനിയും

Monday 27 October 2025 1:48 AM IST

വെഞ്ഞാറമൂട്: തുലാമഴയ്ക്ക് പിന്നാലെ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധന. വിവിധ തരം പനികളും തല പൊക്കാനുള്ള സാഹചര്യത്തിൽ കൊതുകുകളെ പ്രതിരോധിക്കാൻ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പറയുന്നു. വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ നിന്നും ടാപ്പിംഗ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകൾ എന്നിവയിൽ നിന്നും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നത് രോഗവ്യാപനം തടയും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ ശക്തമായ കൊതുകുനിവാരണ പ്രവർത്തങ്ങളും നടപ്പാക്കും.

ലക്ഷണങ്ങൾ അവഗണിക്കരുത്

പനി, തലവേദന, കണ്ണിനു പുറകിൽ വേദന, ശക്തിയായ പേശിവേദന, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്. ഡെങ്കിപ്പനിയുള്ള ഒരാളെ കടിക്കുന്ന കൊതുകിന്റെ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കൊതുകുകളും രോഗവാഹകരായിരിക്കും. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.

അപായ സൂചനകൾ

തുടർച്ചയായ ഛർദ്ദി, വയറുവേദന, കറുത്ത മലം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, രക്തസമ്മർദ്ദം താഴുക, ശ്വാസംമുട്ട് തുടങ്ങിയവ അപായ സൂചനകളാണ്.

പ്രതിരോധം

കൊതുക്, കൂത്താടി നശീകരണം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ടെറസിലെ വെള്ളക്കെട്ട് ഒഴിവാക്കണം.

ചികിത്സ തേടണം

രോഗലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം. പനി മാറിയാലും മൂന്നു-നാല് ദിവസം കൂടി ശ്രദ്ധവേണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കണം.